റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും ‘പൂമര’ത്തിന് രക്ഷയില്ല; സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകളുടെ പെരുമഴ

കാളിദാസ് ജയറാം

കൊച്ചി: കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന മലയാള ചിത്രം ‘പൂമര’ത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഒടുവില്‍ കാളിദാസ് തന്നെ ചിത്രം മാര്‍ച്ച് ഒമ്പതിന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിട്ടും ട്രോളുകള്‍ക്ക് പഞ്ഞമില്ല. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള കാളിദാസിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുടെ പെരുമഴയാണ്.

പലതവണ റിലീസ് മാറ്റിവെച്ച ചിത്രം മാര്‍ച്ച് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുമെന്ന് ഇന്ന് കാളിദാസ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. ദൈവം അനുഗ്രഹിച്ചാല്‍ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9-ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കില്‍ എല്ലാവര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോയെന്ന് പറയൂന്നറിയാം അതോണ്ടാ.. ട്രോളന്മാരെ ട്രോളി താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താരപുത്രന്മാരായ ദുല്‍ഖര്‍ സല്‍മാനും, ഗോകുല്‍ സുരേഷും, ഒടുവില്‍ പ്രണവ് മോഹന്‍ലാലും അരങ്ങേറ്റം കുറിച്ചിട്ടും ജയറാം-പാര്‍വ്വതി താരജോഡികളുടെ മകനായുള്ള കാത്തിരിപ്പ് അവസാനിച്ചില്ല. ചിത്രത്തിലെ പാട്ട് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. എന്നാല്‍ പൂമരത്തിന്റെ റിലീസ് അനന്തമായി നീണ്ടതോടെ ട്രോളുകളുടെ പെരുമഴയായിരുന്നു ചിത്രത്തോടൊപ്പം കാളിദാസിനും നേരിടേണ്ടി വന്നത്. കമന്റില്‍ പറയുന്നതുപോലെ ട്രോളുകളിലൂടെ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ചിത്രം വേറെ കാണില്ല.

2000-ത്തില്‍ റിലീസ് ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ തന്റെ ഏഴാം വയസ്സിലാണ് കാളിദാസ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് 2003-ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ കാളിദാസിന്റെ താരോദയത്തിന് വഴിയൊരുങ്ങുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top