ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം; പരുക്കുമാറി ഡിവില്ലിയേഴ്‌സ് തിരിച്ചെത്തും

എബി ഡിവില്ലിയേഴ്‌സ്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ സ്പിന്‍ ചുഴിയില്‍ മറുപടിയില്ലാതെ വലയുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസവാര്‍ത്ത. പരുക്കിനെ തുടര്‍ന്ന് പുറത്തുപോയ മുന്‍നിര ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് നാലാം ഏകദിനത്തില്‍ തിരിച്ചെത്തും. ഇന്ത്യക്കെതിരായ കഴിഞ്ഞ മൂന്ന് ഏകദിന മത്സരങ്ങളിലും ടീം തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു കാണാനായത്.

കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് പുറത്തുപോയ ഡിവില്ലിയേഴ്‌സ് നാലാം ഏകദിനത്തില്‍ കളിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. കുല്‍ദീപ്-ചാഹല്‍ സഖ്യത്തെ പ്രതിരോധിക്കാന്‍ ഡിവില്ലിയേഴ്‌സിന് കഴിയുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീം കണക്കുകൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കുല്‍ദീപ്-ചാഹല്‍ കൂട്ടുകെട്ട് 21 വിക്കറ്റ് പരമ്പരയില്‍ സ്വന്തമാക്കി കഴിഞ്ഞു.

പരുക്കിന്റെ പിടിയിലായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് എന്നിവരുടെ അഭാവത്തില്‍ ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുന്നത് ആതിഥേയര്‍ക്ക് കരുത്തുനല്‍കും. ഡുപ്ലെസിസിന് പകരം യുവതാരം ഐഡന്‍ മാര്‍ക്രമാണ് ടീമിനെ നയിച്ചിരുന്നത്. ഡിവില്ലിയേഴ്‌സിന്റെ അനുഭവ സമ്പത്ത് മാര്‍ക്രമിന് ഗുണം ചെയ്യും. ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറുവിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനും കേപ്ടൗണില്‍ 124 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. നാളെ വൈകിട്ട് വാണ്ടറേഴ്സിലാണ് നാലാം ഏകദിനം. നാളത്തെ മത്സരം വിജയിക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കന്‍ മണ്ണില്‍ ആദ്യ ഏകദിനപരമ്പരനേട്ടം ആഘോഷിക്കാന്‍ വിരാടിനും കൂട്ടര്‍ക്കും സാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top