ഫുട്‌ബോളിന്റെ ലോകം കീഴടക്കിയ ഒന്നേകാല്‍ നൂറ്റാണ്ട്‌; ചരിത്രത്തില്‍ അര്‍ജ്ജന്റീനയുടെ കളി

ഫിഫാ റാങ്കിംഗില്‍ ആറാം സ്ഥാനത്താണിപ്പോള്‍ അര്‍ജ്ജന്റീന. 2007-മാര്‍ച്ചില്‍ ഒന്നാം സ്ഥാനത്തായിരുന്നു. റാങ്കിംഗില്‍ പരിതാപകരമായൊരവസ്ഥയിലേക്ക് ഒരിക്കലുമവര്‍ താണുപോയിട്ടില്ല. ഏതു മോശം സാഹചര്യങ്ങളിലും ശരാശരിക്ക് മുകളിലായിരുന്നു അര്‍ജ്ജന്റീനയുടെ സ്ഥാനം.

അര്‍ജ്ജന്റീന, ആദ്യ അന്തര്‍ദേശീയ മല്‍സരം കളിക്കുന്നത് 1901-മേയ് പതിനാറിനാണ്. ഉറുഗ്വേയിലെ മോണ്ടേ വിഡിയോയില്‍ ഉറൂഗ്വേയ്ക്ക് എതിരേയായിരുന്നു. മല്‍സരം. 3-2-ന് അര്‍ജ്ജന്റീന ജയിച്ചു. 1942 ജനുവരി 22-ന് അതേ സ്‌റ്റേഡിയത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത പന്ത്രണ്ട് ഗോളിന് തോല്‍പ്പിച്ചതാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. വലിയ പരാജയവും അവര്‍ക്കുണ്ടായിട്ടുണ്ട്. സ്വീഡനിലെ ഹെല്‍സിംഗ് ബോര്‍ഗ് സ്‌റ്റേഡിയത്തില്‍ ചെക്കോസ്ലോവിക്കിനെതിരെയായിരുന്നു അത്. മല്‍സരത്തില്‍ 6-1ന് അര്‍ജ്ജന്റീന തോറ്റു.

ഈ നൂറ്റാണ്ടിലും അവര്‍ക്ക് കനത്തൊരു പരാജയമുണ്ടായി. 2009-ഏപ്രില്‍ ഒന്നിന് ബൊളീവിയയിലെ ലാപ്ലാസാ സ്റ്റേഡിയത്തില്‍. ബൊളീവിയയ്‌ക്കെതിരായിരുന്നു തോല്‍വി. അതും 6-1-ന് ആയിരുന്നു.

1916-ല്‍ ആരംഭിച്ച കോപ്പാ അമേരിക്കയില്‍ 39-തവണ മല്‍സരിച്ചിട്ടുള്ള അര്‍ജ്ജന്റീന 14 തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 1921-ല്‍ ആണ് അവര്‍ ആദ്യമായി കോപ്പാ കിരീടം നേടുന്നത്. ഏറ്റവും ഒടുവില്‍ 1993-ലും. മൂന്നു തവണ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചു. 1992-ല്‍ സൗദിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരുമായി. 2004-ലെ ഏദന്‍സ് ഒളിമ്പിക്‌സിലും 2008-ലെ ബീജിംഗ് ഒളിമ്പിക്‌സിലും അര്‍ജ്ജന്റീനയ്ക്കായിരുന്നു സ്വര്‍ണം. ഇരുപതുവയസിന് താഴെയുള്ളവരുടെ ലോകകപ്പില്‍ ആറുതവണ ചാമ്പ്യന്മാരായി. 1979-ല്‍ ജപ്പാനില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ആദ്യം. 95-ല്‍ ഖത്തറിലും 97-ല്‍ മലേഷ്യയിലും 2001-ല്‍ സ്വന്തം നാട്ടിലും 2005-ല്‍ ഹോളണ്ടിലും 2007-ല്‍ കാനഡയിലുമാണ് അര്‍ജ്ജന്റീന കിരീടമണിഞ്ഞത്. 1983-ല്‍ മെക്‌സിക്കോയില്‍ നടന്ന ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരുമായിട്ടുമുണ്ട്.

1920ലെ അര്‍ജന്റീനാ ഫുട്‌ബോള്‍ ടീം

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പു കളിച്ച രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജ്ജന്റീന. ഇരുപത്തിയൊന്നാമത് ലോകകപ്പാണ് റഷ്യയില്‍ നടക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ പതിനഞ്ചുതവണയും അവര്‍ യോഗ്യത നേടി. നാലുതവണ ഫൈനലില്‍ കളിച്ചപ്പോള്‍ രണ്ടു തവണ ചാമ്പ്യന്മാരുമായി. 1930, 1978, 1986, 1990 ലോകകപ്പുകളിലാണ് അര്‍ജ്ജന്റീന ഫൈനലില്‍ എത്തിയത്. ഇതില്‍ 78-ല്‍ സ്വന്തം നാട്ടിലും 86-ല്‍ മെക്‌സിക്കോയിലും ജേതാക്കളുമായി. 1930-ല്‍ ഉറൂഗ്വേയിലും 1990-ല്‍ ഇറ്റലിയിലും രണ്ടാം സ്ഥാനക്കാരുമായി.

യൂറോപ്പാകെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു നില്‍ക്കുമ്പോഴാണ് 1930-ല്‍ ആദ്യലോകകപ്പ് നടക്കുന്നത്. ഉറൂഗ്വേയിലെത്താന്‍ അന്ന് കപ്പലില്‍ അറ്റ്‌ലാന്റിക് സമുദ്രം കുറുകേ കടക്കണമായിരുന്നു. അത് പക്ഷേ ചിലവേറിയതും സാഹസികത നിറഞ്ഞതുമായിരുന്നു. ഒപ്പം രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ തങ്ങളുടെ താരങ്ങളെ വിട്ടു കൊടുക്കാന്‍ പ്രൊഫഷണല്‍ ക്ലബ്ബുകളും മടിച്ചു. അതിനാല്‍ മല്‍സരം തുടങ്ങാന്‍ രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴും ആരൊക്കെയാകും ലോകകപ്പില്‍ പങ്കെടുക്കുക എന്നതിനെക്കുറിച്ച് ധാരണമൊന്നും ഉണ്ടായിരുന്നില്ല.

ഒടുവില്‍ ബെല്‍ജിയം, ഫ്രാന്‍സ്, യുഗോസ്ലാവിയ, റുമാനിയ എന്നിവര്‍ സന്നദ്ധത അറിയിച്ചു. ലാറ്റിനമേരിക്കയില്‍ നിന്ന് എട്ടു രാജ്യങ്ങള്‍ കൂടിയായതോടെ ടീമുകളുടെ എണ്ണം പതിമ്മൂന്നായി. ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മല്‍സരം. ചിലി, മെക്‌സിക്കോ, ഫ്രാന്‍സ്, അര്‍ജ്ജന്റീന എന്നിവരായിരുന്നു ആദ്യ ഗൂപ്പില്‍. ഓരോ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പില്‍ ഒന്നാമതു വരുന്ന ടീം സെമിയിലെത്തും. ഇതായിരുന്നു രീതി. 1930-ജൂലൈ പതിമ്മൂന്നിന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടിവിഡിയോവിലെ പോസിറ്റോവ് സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മല്‍സരം.

ആദ്യമല്‍സരം ഫ്രാന്‍സും മെക്‌സിക്കോയും തമ്മിലായിരുന്നു. മല്‍സരത്തില്‍ ഫ്രാന്‍സ് 4-1-ന് ജയിച്ചു. ഇതായിരുന്നു ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യമല്‍സരവും. അര്‍ജ്ജന്റീന, യുഗോസ്ലാവിയ, ഉറൂഗ്വേ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പു ചാമ്പ്യന്മാരായി സെമിയില്‍ പ്രവേശിച്ചു. ഉറൂഗ്വേയും അര്‍ജ്ജന്റീനയും ഫൈനലിലും എത്തി.

ജൂലൈ മുപ്പതിനായിരുന്നു ഫൈനല്‍. ആരുടെ പന്തുകൊണ്ടു കളിക്കുമെന്നൊരു തര്‍ക്കം അതിനിടയില്‍ ഉടലെടുത്തു. കൗതുകകരമായിരുന്നു തര്‍ക്കം. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജ്ജന്റീനയുടേയും രണ്ടാം പകുതിയില്‍ ഉറൂഗ്വേയുടെയും പന്തു കൊണ്ട് കളിക്കാന്‍ തീരുമാനമായി. കളിയുടെ ആദ്യ പകുതിയില്‍ അര്‍ജ്ജന്റീന 2-1-ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ അര്‍ജ്ജന്റീന മൂന്നു ഗോളടിച്ചു. അങ്ങനെ ഉറൂഗ്വേ 4-2-ന് ജയിച്ചു. ആദ്യ ലോകകപ്പും നേടി. ഉറൂഗ്വേയുടെ നായകന്‍ ജോസ് നസാസി ഫിഫാ പ്രസിഡന്റ് യുള്‍റിമേയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിന് പുറമേ മറ്റൊരു നേട്ടം കൂടി അര്‍ജ്ജന്റീനയ്ക്കുണ്ടായി. അവരുടെ സ്‌ട്രൈക്കര്‍ ഗില്ലാര്‍മോ സ്‌റ്റൈബല്‍ ടോപ് സ്‌കോററായി. എട്ടു ഗോളാണ് അദ്ദേഹം നേടിയത്. അങ്ങനെ ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ ടോപ്‌സ്‌കോറര്‍ സ്ഥാനം അര്‍ജ്ജന്റീനക്കാരന്‍ നേടി.

ആദ്യ ലോകകപ്പില്‍ അര്‍ജ്ജന്റീനയ്ക്കുവേണ്ടി കളിച്ച ഗില്ലാര്‍മോ വാറല്ലോ 100 വയസുവരെ നമ്മോടൊപ്പം ഉണ്ടായിരുന്നു. 2010-ല്‍ ആണ് അദ്ദേഹം മരിച്ചത്. ആദ്യ ലോകകപ്പിനു ശേഷം മറ്റൊരു ഫൈനലില്‍ എത്താന്‍ അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു അര്‍ജ്ജന്റീനയ്ക്ക്. 1978-വരെ.

1978-ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് അര്‍ജ്ജന്റീനയായിരുന്നു. ഈ ലോകകപ്പിന് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ആകെ പതിനെട്ടു രാജ്യങ്ങളാണ് അത്തവണ ലോകകപ്പില്‍ പങ്കെടുത്തത്. യോഗ്യതാമല്‍സരങ്ങള്‍ക്കിറങ്ങിയ രാജ്യങ്ങളുടെ എണ്ണം നൂറുകവിയുന്നതും ഈ ലോകകപ്പിലാണ്. 106 രാജ്യങ്ങളാണ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്തത്.

1976-ല്‍ അര്‍ജ്ജന്റീനയില്‍ ഒരു പട്ടാള വിപ്ലവം അരങ്ങേറി. ലോകപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലായിരുന്നു അത്. അതോടെ യോഗ്യത നേടിയ പല രാജ്യങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായി. ഒടുവില്‍ എല്ലാവരും പങ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ഹോളണ്ട് കളിക്കാന്‍ തീരുമാനിച്ചെങ്കിലും അവരുടെ ഇതിഹാസ താരമായ യോഹാന്‍ ക്രൈഫ് വിട്ടുനിന്നു.

ഇറാന്‍, ടുണീഷ്യാ എന്നീ രാജ്യങ്ങള്‍ ആദ്യമായി പങ്കെടുക്കുന്ന ലോകകപ്പും ഇതായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിഹാസ താരം മിഷേല്‍ പ്ലാറ്റിനിയേപ്പോലുള്ളവര്‍ ടീമിലുണ്ടായിരുന്നെങ്കിലും ഫ്രാന്‍സിനും മുന്നേറാന്‍ കഴിഞ്ഞില്ല. അര്‍ജ്ജന്റീനയോടും ഇറ്റലിയോടും തോറ്റ് അവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

യോഹാന്‍ ക്രൈഫിന്റെ അഭാവത്തിലും ഓസ്ട്രിയയെ 5-1-നും ഇറ്റലിയെ 2-1-നും ഹോളണ്ട് പരാജയപ്പെടുത്തി. പശ്ചിമജര്‍മനിയെ 2-2-ന് സമനിലയിലും കുരുക്കി അവര്‍ ഫൈനലില്‍ കടന്നു. മറുവശത്ത് അര്‍ജ്ജന്റീനയ്ക്ക് ഫൈനലില്‍ കടക്കണമെങ്കില്‍ പെറുവിനെ നാലുഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കണമായിരുന്നു. എന്നാല്‍, ഫൈനലില്‍ കടക്കാന്‍ സാധ്യതയുണ്ടായിരുന്ന ബ്രസീലിന്റെ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ട് പെറുവിന്റെ വലയില്‍ അര്‍ജ്ജന്റീന ആറുഗോള്‍ നിറച്ചു.

ഈ മല്‍സരഫലം വിവാദമായി. പെറുവിന്റെ ഗോള്‍കീപ്പറായിരുന്ന റാമോണ്‍ക്വിറോയുടെ ജന്മദേശം അര്‍ജ്ജന്റീനയായിരുന്നു. അതിനാല്‍ അര്‍ജ്ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ അയാള്‍ ആറുഗോള്‍ വഴങ്ങിയെന്നായിരുന്നു ആരോപണം. ഉയര്‍ന്നത്. എന്നാല്‍ ഡാനിയേല്‍ പാസറെല്ലയും മരിയോകെമ്പസും അടങ്ങുന്ന അര്‍ജ്ജന്റീന അപാരഫോമിലായിരുന്നു. ഫൈനലില്‍ ഹോളണ്ടിനെയാണ് അര്‍ജ്ജന്റീനയ്ക്ക് നേരിടേണ്ടിയിരുന്നത്. ഫൈനലില്‍ വ്യക്തമായ മാര്‍ജ്ജിനില്‍ ഹോളണ്ടിനെ മറകടന്ന് അര്‍ജ്ജന്റീന ആദ്യമായി കിരീടത്തില്‍ കയ്യൊപ്പ് ചാര്‍ത്തി. ആറുഗോള്‍ നേടിയ മരിയോകെമ്പസായിരുന്നു ടോപ്‌സ്‌കോറര്‍.

1986ലെ അര്‍ജന്റീനാ ഫുട്‌ബോള്‍ ടീം

1986-ലെ ലോകകപ്പ് നടക്കേണ്ടിയിരുന്നത് കൊളംബിയയിലായിരുന്നു. തങ്ങള്‍ക്കതിന് സാധിക്കില്ലെന്ന് കൊളംബിയ ഫിഫയെ അറിയിച്ചതിനെത്തുടര്‍ന്ന് മല്‍സരങ്ങള്‍ മെക്‌സിക്കോയ്ക്ക് കൈമാറി. എന്നാല്‍ ലോകകപ്പ് ആരംഭിക്കുന്നതിതിന് ഏതാനും മാസം മുമ്പ് അതായത് 1985 സെപ്തംബറില്‍ മെക്‌സിക്കോയില്‍ അതിശക്തമായൊരു ഭൂകമ്പമുണ്ടായി. ഇരുപതിനായിരം പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. എന്നാല്‍ ലോകകപ്പ് നടക്കേണ്ടിയിരുന്ന സ്റ്റേഡിയങ്ങള്‍ക്കൊന്നും കേടുപാടുകള്‍ പറ്റിയിരുന്നില്ല. അതിനാല്‍ തീരുമാനിച്ച ദിവസം തന്നെ ടൂര്‍ണമെന്റാരംഭിക്കാന്‍ കഴിഞ്ഞു. ഡിഗോ മറഡോണയെന്ന ഫുട്‌ബോള്‍ വിസ്മയത്തിന്റെ ലോകകപ്പായിട്ടാണ് 86-ലെ മെക്‌സിക്കന്‍ ലോകകപ്പ് ഇപ്പോഴും അറിയപ്പെടുന്നത്.

സാക്ഷാല്‍ പെലേ കളിച്ച ലോകകപ്പുകളിലെല്ലാം അദ്ദേഹത്തോളം നിലവാരമുള്ള കളിക്കാരായിരുന്നു ടീം നിറയെ. അദ്ദേഹത്തിന്റെ വ്യക്തിപരമായ മികവുകള്‍ക്കെല്ലാം സഹകളിക്കാരോട് പെലേ അത്യന്തം കടപ്പെട്ടിരിക്കുന്നു. എന്നാല്‍ മറഡോണ നയിച്ച ടീം അങ്ങനെയായിരുന്നില്ല. ഏറെക്കുറെ ഒറ്റയാള്‍ പട്ടാളം പോലെയാണ് അദ്ദേഹം പൊരുതിയത്. വിസ്മയവും വിവാദവും ഒത്തു ചേര്‍ന്നതായിരുന്നു മറഡോണയുടെകളി. ഇംഗ്ലണ്ടും അര്‍ജ്ജന്റീനയും തമ്മില്‍ നടന്ന മല്‍സരത്തില്‍ മറഡോണ നേടിയ ഗോളിനേക്കുറിച്ചുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ലോകകപ്പിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച മല്‍സരമായിട്ടാണ് ഇംഗ്ലണ്ട്-അര്‍ജ്ജന്റീനാ മല്‍സരം ഇപ്പോഴും വിലയിരുത്തപ്പെടുന്നത്.

1986-ജൂണ്‍ ഇരുപത്തിരണ്ടിനായിരുന്നു ഫുട്‌ബോള്‍ ആരാധകരെ മുഴുവന്‍ ത്രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ആ ക്ലാസിക്ക് പോരാട്ടം. ഫാക്ക്‌ലന്റ് ദ്വീപിനുവേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധവും മറ്റു സാമൂഹിക സാഹചര്യങ്ങളും മല്‍സരത്തിന് എരിവുപകരാന്‍ പശ്ചാലത്തിലുണ്ടായിരുന്നു. ലോകകപ്പു നേടാന്‍ കഴിഞ്ഞില്ലെങ്കിലും കളിക്കളത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു അര്‍ജ്ജന്റീനയുടെ മുഖ്യഅജണ്ടയും.

മറഡോണയ്‌ക്കൊപ്പം വള്‍ഡാനോ, ബുര്‍ഷാഹ തുടങ്ങിയ ഭേദപ്പെട്ട മുന്നേറ്റനിരക്കാരും ജോസ് ലൂയിസ് ബ്രൗണ്‍, റുഗേരി എന്നിവരടങ്ങിയ പ്രതിരേധക്കാരുമായിരുന്നു അര്‍ജ്ജന്റീനയുടെ ആകെ മൂലധനം. മറുവശത്ത് ഗാരിലിനേക്കര്‍ എന്ന ലോകോത്തര മുന്നേറ്റനിരക്കാരനായിരുന്നു ഇംഗ്ലണ്ടിന്റെ മറുപടി. അപാരമായ പന്തടക്കവും വേഗവും കൈമുതലായുള്ള ലിനേക്കര്‍ അക്കാലത്ത് മറഡോണയ്ക്കു തുല്യം പരിഗണിക്കപ്പെട്ടിരുന്ന കളിക്കാരനായിരുന്നു. ഡിഫന്‍സില്‍ ലോകോത്തര താരമായ ടെറിബുച്ചറും കെന്നി സാംസനുമുണ്ടായിരുന്നു. വലകാക്കാന്‍ ആറടി നാലിഞ്ചുകാരനായ സാക്ഷാല്‍ പീറ്റര്‍ ഷില്‍ട്ടനും. അതിനാല്‍ ഇംഗ്ലണ്ടിനെ മറികടക്കുക എളുപ്പവുമായിരുന്നില്ല.

അര്‍ജ്ജന്റീനയുടെ ഗോള്‍ മുഖത്ത് ഇംഗ്ലണ്ട് നടത്തിയ മിന്നല്‍ ആക്രമണത്തോടെയാണ് കളി ആരംഭിച്ചത്. കുറിയ പാസുകളുമായി അര്‍ജ്ജന്റീന കളം നിറയാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ട് വിറകൊണ്ടു തുടങ്ങി. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തെ കീറിമുറിച്ചു കൊണ്ട് മറഡോണ നടത്തിയ ആദ്യ നീക്കം തന്നെ ഗോളാകുമെന്നു തോന്നിച്ചു. മറഡോണയെ ഫെന്‍വിക്ക് വീഴ്ത്തി. 30 വാര അകലെ നിന്ന് മറഡോണയെടുത്ത ഫ്രീകിക്ക് പ്രയാസപ്പെട്ടാണ് ഷില്‍ട്ടന്‍ തട്ടിയകറ്റിയത്.

മറുവശത്ത് ലിനേക്കറും ആക്രമണങ്ങളില്‍ ഉല്‍സുകനായി. എന്നാല്‍ കളി പുരോഗമിക്കവേ മറഡോണ കൂടുതല്‍ അപകടകാരിയായിക്കൊണ്ടിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റില്‍ 30 വാര അകലേ നിന്നു മറഡോണയെടുത്തൊരു ഫ്രീകിക്ക് ഷില്‍ട്ടനെ മറകടന്നെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. അങ്ങനെ ഒന്നാം പകുതി ഗോള്‍ രഹിതമായി കടന്നു പോയി. രണ്ടാം പകുതിയില്‍ മറഡോണ ഇംഗ്ലീഷ് പ്രതിരോധത്തെ കീറിമുറിക്കുകതന്നെ ചെയ്തു. അതിനിടയിലായിരുന്നു ഇപ്പോഴും വിവാദമായിത്തുടരുന്ന ഗോളിന്റെ പിറവി.

മറഡോണയുടെ വിവാദ ഗോള്‍

മറഡോണ വള്‍ഡാനോയ്ക്ക് നല്‍കിയ പന്ത് ഇംഗ്ലണ്ടിന്റെ ഹോഡ്ജസിന്റെ കാലിലേക്കാണ് എത്തിയത്. ഹോഡ്ജ് അപകടം ഒഴിവാക്കാന്‍ പന്ത് ഉയര്‍ത്തിയടിച്ചു. അതു കണ്ട മറഡോണ ഓടിയടുക്കുകയായിരുന്നു. പന്തിനായി മറഡോണ ഉയര്‍ന്നു ചാടിയപ്പോള്‍ പന്ത് പിടിച്ചെടുക്കാന്‍ ഗോള്‍ കീപ്പര്‍ ഷില്‍ട്ടനും ചാടി. ഷില്‍ടന്റെ കൈകള്‍ക്ക് മുകളിലൂടെ പന്ത് ഹെഡ്‌ചെയത് വലയിലാക്കാന്‍ പ്രയാസമായിരുന്നു. മറഡോണ പന്ത് കൈകൊണ്ട് തട്ടി വലയിലാക്കി. ഇക്കാര്യം ഷില്‍ട്ടന്‍ വിളിച്ചു പറഞ്ഞൈങ്കിലും ടുണീഷ്യക്കാരനായ റഫറി ബെന്നാസര്‍ വകവച്ചില്ല. ഗോള്‍ അനുവദിക്കുകയും ചെയ്തു. ദൈവത്തിന്റെ കയ്യായിരുന്നു അതെന്ന് പിന്നീട് മറഡോണ വിശദീകരിക്കുകയും ചെയ്തു.

എന്നാല്‍ അഞ്ചുമിനിറ്റിനുശേഷം മറഡോണ നേടിയ ഗോള്‍ എല്ലാ പാപക്കറകളേയും കഴുകിക്കളയുന്നതായിരുന്നു. സ്വന്തം പകുതിയില്‍ നിന്ന് ശരവേഗത്തില്‍ വലതു വിംഗിലൂടെ പന്തുമായി മുന്നേറിയ മറഡോണ ഇംഗ്ലീഷ് കളിക്കാരെ ഒന്നൊന്നായി മറികടന്നു. ബിയേഡ് സ്ലാക്കുനും പീറ്റര്‍ റീഡിനും ഒന്നനങ്ങാന്‍ പോലും സമയം കിട്ടിയില്ല. പിന്നെ ബുച്ചറേയും വെട്ടിച്ച് ഷില്‍ട്ടന്റെ പൊസിഷന്‍ തെറ്റിച്ചശേഷം പന്ത് വലയിയില്‍ എത്തിച്ചു. എഴുപത്തിയെട്ടാം മിനിറ്റില്‍ ലിനേക്കര്‍ ഒരു ഗോള്‍ മടക്കി. മല്‍സരം അര്‍ജ്ജന്റീന ജയിച്ചു. മല്‍സര ശേഷം മറഡോണ ഇങ്ങനെ പറഞ്ഞു. ‘ഞങ്ങള്‍ക്കിത് ഫൈനലായിരുന്നു. ഇംഗ്ലീഷുകാരെ ലോകകപ്പില്‍ നിന്നു പുറത്താക്കാന്‍ കഴിഞ്ഞു എന്നത് മറ്റെന്തിനേക്കാളും വലുതാണ് . ഞാന്‍ ഈ മല്‍സരം ഒരിക്കലും മറക്കില്ല.’ ഓരോ അര്‍ജ്ജന്റീനക്കാരുടേയും ശബ്ദമായിരുന്നു അത്.

1990-ലെ ലോകകപ്പ് ഇറ്റലിയിലായിരുന്നു. 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. യു.എ.ഇ, കോസ്റ്ററിക്ക, അയര്‍ലന്റ്് എന്നീ രാജ്യങ്ങള്‍ ആദ്യമായി പങ്കെടുക്കുന്ന ലോകകപ്പും ഇതായിരുന്നു. 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമേരിക്കയും ലോകകപ്പുകളിക്കാനെത്തി.

അവിശ്വസ്വനീയമായൊരു അട്ടിമറിയോടെയാണ് 90-ലെ ലോകകപ്പ് ആരംഭിച്ചത്. ഉദ്ഘാടനമല്‍സരത്തില്‍ കാമറൂണ്‍ മറഡോണയുടെ അര്‍ജ്ജന്റീനയെ അട്ടിമറിച്ചു. ആ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയ താരം ഇറ്റലിയുടെ സാല്‍വദോര്‍ഷില്ലാച്ചിയായിരുന്നു. പകരക്കാരനായി കളത്തിലിറങ്ങിയ ഷില്ലാച്ചി, ഇറ്റലികളിച്ച എല്ലാ മല്‍സരത്തിലും ഗോള്‍ നേടി. പക്ഷേ സെമിയില്‍ ഷില്ലാച്ചിയുടെ മാന്ത്രികതകളൊന്നും വിലപ്പോയില്ല. പെനാല്‍ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ അര്‍ജ്ജന്റീന 4-3-ന് ജയിച്ചു. എന്നാല്‍ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ജ്ജന്റീനയുടെ ഗോള്‍ കീപ്പര്‍ സെര്‍ജിയോ ഗോയ്‌ച്യോക്ക് അവകാശപ്പെട്ടതായിരുന്നു. പ്രധാന ഗോള്‍കീപ്പറായ പിംപിഡോയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഗോയ്‌ച്യോക്കിന് അവസരം ലഭിച്ചത്. ഇറ്റലിയുടെ രണ്ടു കിക്കുകളാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്. 1986-ലെ ലോകകപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു ഫൈനല്‍. കളിതീരാന്‍ രണ്ടു മിനിറ്റുമാത്രം ശേഷിക്കേ ആന്‍ഡ്രിയാസ് ബ്രഹ്മേ ജര്‍മനിയുടെ വിജയഗോള്‍ നേടി. ഫൈനലില്‍ രണ്ടു പേര്‍ക്ക് ചുവപ്പുകാര്‍ഡ് ലഭിക്കുന്ന ആദ്യലോകകപ്പും അതായിരുന്നു.

ചുവപ്പുകാര്‍ഡുകളുടെ കാര്യത്തിലും 90-ലെ ലോകകപ്പ് റെക്കോഡിട്ടു. 16 പേര്‍ക്കാണ് ആ ലോകകപ്പില്‍ ചുവപ്പുകാര്‍ഡ് കിട്ടിയത്. ആറുഗോള്‍ നേടിയ ഷില്ലാച്ചിയായിരുന്നു ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. ഒരു കാര്യം കൂടിയോര്‍ക്കുക. ആ ലോകകപ്പിന് ശേഷം ഷില്ലാച്ചിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല.

1994-ലെ ലോകകപ്പ് അമേരിക്കയിലായിരുന്നു. ചാമ്പ്യന്മാരായത് ബ്രസീലായിരുന്നെങ്കിലും അവേിടേയും ശ്രദ്ധാകേന്ദ്രം അര്‍ജ്ജന്റീനയായിരുന്നു. ഉത്തേജകം ഉപോയിച്ചെന്നാരോപിച്ച് മറഡോണ പിടിക്കപ്പെട്ടത് ഈ ലോകകപ്പിലായിരുന്നു. ആലസ്യത്തിന്റെ ഒരിടവേളയ്ക്കു ശേഷം മറഡോണ ദേശീയ ടീമിലേക്ക് തിരിച്ചുവന്നതും ഈ ലോകകപ്പിലായിരുന്നു. കനീജിയ, ബാറ്റിസ്റ്റ്യൂട്ട, ബാല്‍ബോ എന്നിവരടങ്ങിയ മുന്നേറ്റനിരയായിരുന്നു മറ്റൊരാകര്‍ഷണം.

ഗ്രീസിനെതിരായിരുന്നു അര്‍ജ്ജന്റീനയുടെ ആദ്യമല്‍സരം. നാല് ഗോളിന് അര്‍ജ്ജന്റീന ജയിച്ചു. അതില്‍ അവസാന ഗോള്‍ മറഡോണയുടേതായിരുന്നു. ബാറ്റിസ്റ്റിയൂട്ടയുടെ ഹാര്‍ട്രിക്കായിരുന്നു മറ്റൊരാകര്‍ഷണം. രണ്ടാം മല്‍സരം നൈജീരിയ്‌ക്കെതിരേയായിരുന്നു. മല്‍സരത്തില്‍ നൈജീരിയ ആദ്യ ഗോള്‍ നേടിയെങ്കിലും കനീജിയ നേടിയ രണ്ടു ഗോളില്‍ അര്‍ജ്ജന്റീന ജയിച്ചു. രണ്ടിനും മറഡോണയുടെ ഫ്രീകിക്കായിരുന്നു കാരണമായതും. മല്‍സര ശേഷം മറഡോണ കാണികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് ഒരു നെഴ്‌സ് എത്തി മറഡോണയെ കൊണ്ടു പോകുന്നത്. ലോകത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു അത്. അതോടെ അര്‍ജ്ജന്റീനയാകെ തളര്‍ന്നു. അതിനുശേഷം ലോകകപ്പില്‍ കാര്യമായ മുന്നേറ്റമൊന്നും അവരില്‍ നിന്നുണ്ടായതുമില്ല.

മറഡോണ പരിശീലകനായി വരികയും മെസിയേപ്പോലുള്ള ഇതിഹാസതാരങ്ങള്‍ ടീമിനുവേണ്ടി ബൂട്ടുകെട്ടുകയും ചെയ്തിട്ടും കാര്യമൊന്നുമുണ്ടായില്ല. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അങ്ങനെയായിരിക്കണമെന്നില്ല.

( അടുത്ത ലക്കത്തില്‍-അര്‍ജ്ജന്റീനയുടെ സാധ്യതകള്‍ )

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top