കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ ധാരണ

ഫയല്‍ചിത്രം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനി(കെഎസ്ആര്‍ടിസി)ലെ പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

254 കോടി രൂപയാണ് കെഎസ്ആര്‍സിയില്‍ ഇതുവരെ പെന്‍ഷന്‍ കുടിശികയുള്ളത്. ഇത് ഈ മാസം തന്നെ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമാകുകയായിരുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരും ധനകാര്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാന സര്‍ക്കാരും സഹകരണവകുപ്പും കെഎസ്ആര്‍ടിസിയും സഹകരിച്ച് എംഒയു അടിസ്ഥാനത്തിലാകും പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്തതീര്‍ക്കുക. സര്‍ക്കാരും കെഎസ്ആര്‍ടിസിയും സഹകരണവകുപ്പും ചേര്‍ന്ന് എംഓയു ധാരണയുണ്ടാക്കി പെന്‍ഷന്‍ നല്‍കുമെന്ന് നേരത്തെ സഹകരണമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ധാരണയാണ് ഇന്നുണ്ടായത്. പെന്‍ഷനായി പ്രതിമാസം 60 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്.

രാവിലെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയായി സംസാരിച്ച ധനകാര്യമന്ത്രി തോമസ് ഐസക്ക്, കെഎസ്ആര്‍ടിസിയുടെ ശമ്പളത്തിനായി കോര്‍പറേഷന് 70 കോടി രൂപ അനുവദിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നതിന് എംഒയു അടിസ്ഥാനത്തില്‍ പണം നല്‍കാനും തീരുമാനമുണ്ടായിരിക്കുന്നത്.

നേരത്തെ നേരത്തെ ബജറ്റ് അവതരണത്തില്‍ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് 1000 കോടി രൂപ ധനമന്ത്രി അനുവദിച്ചിരുന്നു. ബജറ്റില്‍ 1000 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചങ്കിലും കോര്‍പറേഷന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിക്കുള്ള പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പിലാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കുടിശിക മാര്‍ച്ച് മാസത്തില്‍ കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സമഗ്ര പുനസംഘടനയിലൂടെ ലാഭകരമാക്കാനാണ് ശ്രമമെന്ന് ബജറ്റ് അവതരണവേളയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top