റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐയുടെ പുതിയ വായ്പാ നയം

ഫയല്‍ചിത്രം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ
റിപ്പോയുടെ നിരക്ക് 6 ശതമാനമായി തുടരും. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്‍റെ നിരക്കായ റിവേഴ്സ് റിപ്പോ  5.75 ശതമാനത്തിലും തുടരും.

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ അധ്യക്ഷതയില്‍ കൂടിയ ആര്‍ബിഐയുടെ  അവലോകന സമിതിയാണ് നിരക്കുകളില്‍ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍, ആറംഗ സമിതിയിലെ അഞ്ചു പേര്‍ നിരക്കില്‍ മാറ്റം വേണ്ടെന്ന നിലപാടിനെ അനുകൂലിച്ചപ്പോള്‍ മറ്റൊരംഗമായ എംഡി പാത്ര 25 ബേസിക് പോയിന്‍റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പല തവണയായി 125 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്.

വരും മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കൂടാനുള്ള സാധ്യത വിലയിരുത്തിയാണ് നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ഇത്തവണ ആര്‍ബിഐ തീരുമാനിച്ചത്. ജനുവരിയില്‍ അസംസ്കൃത എണ്ണ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയര്‍ന്നിരുന്നു. അസംസ്കൃത എണ്ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും അവലോകന സമിതി വിലയിരുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top