ഐഎസ്എല്‍: അസിസ്റ്റുകളുടെ റെക്കോര്‍ഡില്‍ ഹോസുവിന് തൊട്ടടുത്ത് പെക്കൂസണ്‍

കഴിഞ്ഞ രണ്ടുസീസണുകളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടിയ ഹോസു കയ്യില്‍ വച്ചിരുന്ന ഒരു റെക്കോര്‍ഡ് പെക്കൂസണ് വഴിമാറിയേക്കും. ഗോളുകളില്‍ ബ്ലാസ്റ്റേഴ്‌സിനായി കൂടുതല്‍ അസിസ്റ്റ് ചെയ്ത റെക്കോര്‍ഡാണിത്. ഹോസു രണ്ട് സീസണുകള്‍കൊണ്ട് നേടിയതിനോടടുത്തെത്താന്‍ പെക്കൂസണ് ഒരു സീസണ്‍ തികച്ചുവേണ്ടിവന്നില്ല.

ആറ് തവണയാണ് മലയാളികളുടെ പ്രിയ ജോസൂട്ടന്‍ ഗോള്‍ അസിസ്റ്റ് ചെയ്തത്. എന്നാല്‍ ഈ സീസണില്‍ത്തന്നെ പെക്കൂസണ്‍ അഞ്ച് അസിസ്റ്റുകള്‍ നടത്തി തൊട്ടടുത്തുണ്ട്. ടീമില്‍ ഏറ്റവും ഭാവനാത്മകമായ നീക്കങ്ങള്‍ നടത്തുന്ന കളിക്കാരന്‍ എന്ന നിലയില്‍ ഈ സീസണില്‍ത്തന്നെ പെക്കൂസണ്‍ ഹോസുവിനെ മറികടക്കാനുള്ള സാധ്യതയുണ്ട്.

അസിസ്റ്റുകള്‍ക്കുപുറമേ മറ്റ് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തവര്‍ക്ക് പന്ത് നല്‍കിയും പെക്കൂസണ്‍ കളം നിറയുന്നു. പെക്കൂസന്റെ ത്രോയില്‍നിന്ന് അസിസ്റ്റുകള്‍ പന്തെടുത്ത് സൃഷ്ടിക്കപ്പെട്ട ഗോളുകളുമുണ്ട്. ചെന്നൈയിനെതിരായി ജിങ്കാന്റെ ക്രോസില്‍നിന്ന് വിനീത് നേടിയ അഭിമാന ഗോള്‍ ഉള്‍പ്പെടെ ഇങ്ങനെയുണ്ടായതാണ്.

ടീമിന്റെ മിക്ക വിജയങ്ങള്‍ക്ക് പിന്നിലും പെക്കൂസന്റെ സാന്നിധ്യം കാണുവാന്‍ സാധിക്കും. ഫ്രീകിക്ക് വേഗമെടുത്ത് ഹ്യൂമിന് പന്ത് കൈമാറി സൃഷ്ടിക്കപ്പെട്ട ഗോള്‍ ഇദ്ദേഹത്തിന്റെ ചുറുചുറുക്കിന് ഉത്തമോദാഹരണമാണ്. എന്നാല്‍ ഒരിക്കലും ആഘോഷിക്കപ്പെടാന്‍ നിന്നുകൊടുക്കാറുമില്ല ഈ ഘാനാ താരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top