തുടര്‍ജയം ലക്ഷ്യമിട്ട് ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന് കേപ്ടൗണില്‍

വിരാട് കോഹ്‌ലി, ഐഡന്‍ മാര്‍ക്രം 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് 4.30-ന് കേപ്ടൗണിലാണ് മത്സരം. ആതിഥേയര്‍ക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കാനാണ് കോഹ്‌ലിയും കൂട്ടരും ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ മൂന്ന് ഏകദിനങ്ങള്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇന്ന് വിജയിക്കാനായാല്‍ സന്ദര്‍ശകര്‍ക്ക് ആ ചീത്തപ്പേര് മാറ്റിയെടുക്കാം.

ഡര്‍ബനിലും, സെഞ്ചൂറിയനിലും നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മുന്‍നിര താരങ്ങളുടെ പരുക്കാണ് ആതിഥേയരെ വലയ്ക്കുന്നത്. എബി ഡിവില്ലിയേഴ്‌സ്, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, എന്നിവര്‍ക്ക് പുറമെ കൈക്കുഴയ്ക്ക് പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും ഇന്ന് കളിക്കില്ല. ഡികോക്കിന് പകരം ഹെയ്ന്റിച്ച് ക്ലാസന്‍ കീപ്പറാകും. കഴിഞ്ഞ കളിയില്‍ ടീമിനെ നയിച്ച ഐഡന്‍ മാര്‍ക്രം തന്നെയാണ് ഇന്നും ടീമിനെ നയിക്കുക.

ബൗളര്‍മാരുടെ മികച്ച ഫോമാണ് ഇന്ത്യന്‍ പ്രതീക്ഷകളുടെ കരുത്ത്. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ നന്നായി പന്തെറിയുന്നു. ചഹാലിന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് കഴിഞ്ഞ കളിയില്‍ 119 റണ്‍സിന്റെ ആധികാരിക ജയം ടീമിന് സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റുകളാണ് ചാഹല്‍-കുല്‍ദീപ് സഖ്യം സ്വന്തമാക്കിയത്. ഒപ്പം ഓപ്പണര്‍ രോഹിത് ശര്‍മ്മ കൂടി ഫോമിലേക്കെത്തിയാല്‍ ബാറ്റിംഗ് നിരയും ഭദ്രമാകും. ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നായകന്‍ കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. റണ്ണൊഴുകുന്ന ന്യൂലാന്‍ഡിലെ പിച്ചില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് തന്നെയാണ് കോഹ്‌ലിയും സംഘവും കണക്കുകൂട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top