“അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ അതിശക്തമായി അമര്‍ച്ച ചെയ്യുമെന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട”, മുഖ്യമന്ത്രി നിയമസഭയില്‍

അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ അതിശക്തമായി അമര്‍ച്ച ചെയ്യുമെന്ന കാര്യത്തിലും ആര്‍ക്കും സംശയം വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മുല്ലക്കര രത്നാകരന് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആര് ശ്രമിച്ചാലും അതിനെ കര്‍ശനമായി സര്‍ക്കാര്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടി പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.
ഇന്നലെ (5.2.2018ന്) രാത്രി 9 മണിയോടെ കടയ്ക്കല്‍ കോട്ടുക്കല്‍ എന്ന സ്ഥലത്ത് കൈരളി ഗ്രന്ഥശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം കഴിഞ്ഞ് പോയ പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാറിനെ പഞ്ചായത്ത് മെമ്പര്‍ ദീപുവിന്റെ നേതൃത്വത്തില്‍ 15 ഓളം ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി കയ്യേറ്റശ്രമം നടത്തുകയുണ്ടായി. ഇക്കാര്യത്തില്‍ പഞ്ചായത്ത് മെമ്പര്‍ ദീപു ഉള്‍പ്പെടെ ഒരു സംഘം ആള്‍ക്കാരെ പ്രതികളാക്കി ഐപിസി 143, 147, 149, 341, 294(ബി ), 506 എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈം 216/18 ആയി കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നു. 6 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശീയവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എംഎം കല്ബുര്ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന് തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്.
കേരളത്തില്‍ എംടിക്കും കമലിനും എംഎം ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ അതിശക്തമായി തന്നെ അമര്‍ച്ച ചെയ്യുമെന്ന കാര്യത്തിലും ആര്‍ക്കും സംശയം വേണ്ട. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആര് ശ്രമിച്ചാലും അതിനെ കര്‍ശനമായി സര്‍ക്കാര്‍ നേരിടും.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്. ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാനിക്കുന്ന പ്രബുദ്ധമായ കേരള ജനത സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ നമുക്ക് നിശ്ചയമുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക