‘എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും’; ആര്‍എസ്എസ് ആക്രമണത്തില്‍ കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി കെആര്‍ മീര

കെആര്‍ മീര

കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായ ആര്‍എസ്എസ് ആക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെആര്‍ മീര. ഫെയ്‌സ് ബുക്കില്‍ ആര്‍എസ്എസിനെ പിരഹസിച്ച് കവിത എഴുതിയാണ് മീര തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

‘എഡേ മിത്രോ കുരീപ്പുഴയങ്ങു വിരണ്ടു കാണും’ എന്നു തുടങ്ങുന്ന കവിതയെയും മീരയുടെ നിലപാടിനെയും അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ഫെയ്‌സ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മീരയുടെ കവിത

എഡേ മിത്രോം,

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌

പേടി കൊണ്ടു നാവു വരണ്ടു കാണും.

ശരീരം കിടുകിടാ വിറച്ചു കാണും.

കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.

ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.

രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.

മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.

ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ

ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.

ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.

ശാഖയില്‍ ചേര്‍ന്നു കാണും.‌

നിക്കറെടുത്തിട്ടു കാണും.‌

ചുവന്ന കുറി തൊട്ടു കാണും.

ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.

നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍‌
പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top