അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല; കുരീപ്പുഴ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുരീപ്പുഴയ്ക്ക് നേരെ നടത്തിയ ആക്രമണം അപലപനീയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ്-ബിജെപി സംഘം നടത്തിയ ആക്രമണം അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യും. സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടും. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉള്‍പ്പെടെ ഉള്ള ആറ് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് നേര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും, ഗോവിന്ദ് ബന്‍സാരക്കും എംഎം കല്‍ബുര്‍ഗ്ഗിക്കും, ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്. കേരളത്തില്‍ എംടിക്കും, കമലിനും, എംഎം ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്. ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാനിക്കുന്ന പ്രബുദ്ധമായ കേരള ജനത സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്, മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് കുരീപ്പുഴയ്ക്ക് നേരെ അക്രമണമുണ്ടായത്. ഒരു പൊതുയോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു കവി. വടയമ്പാടി ജാതി സമരത്തെക്കുറിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായത്. സ്ഥലത്തെത്തിയ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നു. സംഘര്‍ഷമുണ്ടാകുമെന്നായപ്പോള്‍ വായനശാലാ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ പുറത്തെത്തിച്ചെങ്കിലും ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കവി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top