ദക്ഷിണാഫ്രിക്കയെ ചാഹല്‍ എറിഞ്ഞിട്ടു; സെഞ്ചൂറിയനില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സംഘം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 119 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 20.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.

15 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും അര്‍ധ സെഞ്ചുറിയുമായി ശിഖര്‍ ധവാനും, 46 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. ധവാന്‍ 56 പന്തില്‍ 51 റണ്‍സും വിരാട് 50 പന്തില്‍ 46 റണ്‍സുമെടുത്തു. രോഹിത്, റബാഡയുടെ പന്തില്‍ മോണി മോര്‍ക്കലിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.

നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്നതായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹല്‍ അഞ്ചും, കുല്‍ദീപ് യാദവ് മൂന്നും വിക്കറ്റ് സ്വന്തമാക്കി. ഭൂവനേശ്വര്‍ കുമാര്‍, ജാസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ചാഹലിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. 8.2 ഓവര്‍ എറിഞ്ഞ അദ്ദേഹം ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 22 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

നായകന്‍ ഫാഫ് ഡുപ്ലസിസിന്റെ അഭാവത്തില്‍ ഇരുപത്തിരണ്ടുകാരനായ മാര്‍ക്ക് രാമിന്റെ കീഴിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തിന് മുന്നില്‍ 32.2 ഓവറില്‍ 118 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി. 25 റണ്‍സ് വീതമെടുത്ത ജെപി ഡുമിനിയും ഖയ സോണ്ടോയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. 23 റണ്‍സെടുത്ത ഹാഷിം അംലയെ ധോണിയുടെ കൈകളിലെത്തിച്ച് ഭുവനേശ്വേര്‍ കുമാറാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അഞ്ച് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top