രണ്ടാം ഏകദിനം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 119 റണ്‍സ് വിജയലക്ഷ്യം. യുസ്വേന്ദ്ര ചഹലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. കുല്‍ദീപ് യാദവ് മൂന്നും, ഭൂവനേശ്വര്‍ കുമാര്‍, ജാസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. നായകന്‍ ഫാഫ് ഡുപ്ലസിസിന്റെ അഭാവത്തില്‍ ഇരുപത്തിരണ്ടുകാരനായ മാര്‍ക്ക് രാമിന്റെ കീഴിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തിന് മുന്നില്‍ 32.2 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി.

25 റണ്‍സ് വീതമെടുത്ത ജെപി ഡുമിനിയും ഖയ സോണ്ടോയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.
23 റണ്‍സെടുത്ത ഹാഷിം അംലയെ ധോണിയുടെ കൈകളിലെത്തിച്ച് ഭുവനേശ്വേര്‍ കുമാറാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അഞ്ച് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 15 റണ്‍സെടുത്ത ഓപ്പണര്‍  രോഹിത് ശര്‍മ്മയുടെ വിക്കറ്റ് തുടക്കത്തില്‍തന്നെ നഷ്ടമായി. ശിഖര്‍ ധവാനും നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top