ആരോഗ്യ പ്രശ്‌നം; ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ബ്രാഡ് ഹോഡ്ജ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജ് വിരമിക്കല്‍ പ്രഖ്യാപിച്ചു. വരുന്ന ബിഗ്ബാഷ് ലീഗ് ഫൈനലോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് ഹോഡ്ജ് അറിയിച്ചു. അപ്പന്‍ഡിസൈറ്റിസ് ബാധിച്ച താരത്തിന് ബിഗ് ബാഷ് ടൂര്‍ണമെന്റിന്റെ പല മത്സരങ്ങളിലും ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

43 കാരനായ ഹോഡ്ജ് മെല്‍ബണ്‍ ക്ലബ്ബായ ഈസ്റ്റ് സാന്‍ഡ്രിംഗമിനുവേണ്ടി കളിച്ച് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. വലംങ്കയ്യന്‍ ബാറ്റ്‌സ്മാനും ഓഫ് സ്പിന്‍ ബോളറുമായ അദ്ദേഹം തന്റെ 19-ാം വയസ്സിലാണ് ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം കുറിച്ചത്. 2005 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ഹോഡ്ജ് ആദ്യമായി കളത്തിലിറങ്ങിയത്.

പ്രാരംഭ സീസണ്‍ മുതല്‍ ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹോഡ്ജ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2016 ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ പരിശീലകനായ ഹോഡ്ജ്, വരും സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top