നവയുവ ക്യാപ്റ്റന് കീഴില്‍ തിരിച്ചടിക്കുമോ ദക്ഷിണാഫ്രിക്ക, രണ്ടാം ഏകദിനം ഇന്ന്

രഹാനെയും കോഹ്‌ലിയും ആദ്യ മത്സരത്തിനിടെ

സെഞ്ചൂറിയന്‍: ഒരുവശത്ത് ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി, മറുവശത്ത് പരുക്ക് ഏല്‍പ്പിച്ച കനത്ത തിരിച്ചടി. ഇതിന് നടുവിലാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരം തോറ്റ് നില്‍ക്കുന്ന ടീമിന് പരമ്പരയിലേക്ക് തിരികെ വരാനും ആത്മവിശ്വാസം വീണ്ടെടുക്കാനും വിജയം അനിവാര്യമാണ്. പക്ഷെ പരുക്ക് വീണ്ടും വീണ്ടും വില്ലനായി മാറുകയാണ് പ്രോട്ടിയസിന്.

നവയുവ ക്യാപ്റ്റന് കീഴിലാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. 22 കാരനായ മാര്‍ക്ക് രാം ആണ് ആ ക്യാപ്റ്റന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രയേം സ്മിത്തിന് ലഭിച്ചത് പോലെ അപ്രതീക്ഷിതമായ ഒരു നായകത്വം. സ്മിത്ത് അന്ന് അത്ഭുതപ്പെട്ടവരെയെല്ലാം അമ്പരപ്പിച്ച് മുന്നേറി. കാലങ്ങളോളം ടീമിന്റെ നായകത്വം അവരോധിച്ചു. ഇന്നും അതിനൊരു പകരക്കാരനെ കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല. അതിന് കാലം കണ്ടെത്തിയിട്ടുള്ള ഉത്തരമാണോ മാര്‍ക്ക് രാം എന്ന് കാത്തിരുന്ന് കാണാം.

മാര്‍ക്ക് രാം

പരമ്പര തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബിഡിയ്ക്ക് പരുക്കേറ്റത് ആതിഥേയര്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് താരം ഉണ്ടാകില്ല.അതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ ഡുപ്ലെസിയും പരുക്ക് പറ്റ് പുറത്തായിരിക്കുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയിലൂടെ ഇന്നിംഗ്‌സിന്റെ നെടുംതൂണായ ഡുപ്ലെസിയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ക്യാച്ചിലൂടെ പുറത്താക്കാന്‍ നടത്തിയ ഒരു ശ്രമമാണ് ഡുപ്ലെസിയെ പുറത്താക്കിയിരിക്കുന്നത്. ആറാഴ്ചയോളം താരത്തിന് വിശ്രമം വിധിച്ചിരിക്കുകയാണ്. പരമ്പരയില്‍ ഇനി ഡുപ്ലെസിയുടെ സേവനം ഉണ്ടാകില്ല.

ആദ്യ മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യയുടെ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ടീം ഒരു പോലെ തിളങ്ങി. ബൗളിംഗില്‍ സ്പിന്നര്‍മാര്‍ കടമ നിര്‍വഹിച്ചപ്പോള്‍ പണ്ടേ ശക്തമായ ബാറ്റിംഗ് നിര കവാത്ത് മറക്കാതെ കാത്തു. ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചു. ഒപ്പം ചിലത് തെളിയിക്കാനുറച്ച് കളത്തിലിറങ്ങിയ രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിയും കരുത്തേകി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സി വിജയക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിജയിച്ച കളത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍മാരും പേസര്‍മാരും എന്ത് ചെയ്യണമെന്നറിയാതെ ഉഴറി.

പതിവുപോലെ കോഹ്‌ലി തന്നെയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. കോഹ്‌ലി സെഞ്ച്വറി നേടിയാല്‍ മത്സരം ഇന്ത്യ നേടിയെന്നത് ഒരു പതിരില്ലാത്ത ചൊല്ലായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് സ്‌കോര്‍ പിന്തുടരുന്ന മത്സരങ്ങളില്‍. ഒപ്പം ഓപ്പണര്‍മാരായ ധവാന്‍ രോഹിത്, ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരും ഉണ്ട്. മിന്നിത്തുടങ്ങിയാല്‍ പിന്നെ കുറഞ്ഞത് ഒരു ഡബിള്‍ സെഞ്ച്വറിയുമായി അല്ലാതെ രോഹിത് മടങ്ങില്ല. അതിനാല്‍ ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തിയത് വലിയ കാര്യമല്ല. ഏത് നിമിഷവും ശക്തമായ ഇന്നിംഗ്‌സുമായി തിരിച്ചടിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരം പലതവണ തെളിയിച്ചിട്ടുണ്ട്. ധവാനും ഇതിന് തുല്യം തന്നെ. മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ കെല്‍പ്പുള്ളവന്‍. ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ മുന്നേറവെ കോഹ്‌ലിയുടെ പിഴവിലൂടെയാണ് ധവാന്‍ പുറത്തായത്. അപ്പോള്‍ ബാറ്റിംഗ് നിരയെക്കുറിച്ച് ആശങ്കകള്‍ തത്കാലം വേണ്ട. ബൗളിംഗും സമീപകാലത്തെ മികച്ച ഫോമില്‍ത്തന്നെ.

ദക്ഷിണാഫ്രിക്ക ഒരു വീരനായകനെ കാത്തിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ സ്ഥിരം തിളങ്ങാറുള്ള അംല, ഡി കോക്ക് എന്നിവരിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഇരുവരും ഫോമിലായാല്‍ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. പണ്ട് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടി ഞെട്ടിച്ച താരമാണ് ഡി കോക്ക്. ഇന്ത്യയ്‌ക്കെതിരെ ബാറ്റെടുത്തപ്പോഴൊക്കെ റണ്‍സ് ഒഴുക്കിയിട്ടുള്ള താരമാണ് അംലയും. പിന്നെ മില്ലറും ഡുമിനിയും. ഇവരും ഫോമിലല്ലെന്നത് ദക്ഷിണാഫ്രിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്.

പരമ്പരയിലേക്ക് തിരിച്ച് വരാന്‍ ദക്ഷിണാഫ്രിക്ക കഠിനാധ്വാനം തന്നെ ചെയ്യണം. ആതിഥേയരായിട്ട് കൂടി പ്രതിരോധത്തിലായിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top