പുതിയ വനിതാ കൂട്ടായ്മ; 89 വര്‍ഷത്തെ അന്ധതയില്‍ നിന്ന് പുറത്തുകടക്കാന്‍ സംഘടന സന്നദ്ധരായതില്‍ സന്തോഷം പ്രകടിപ്പിച്ച് ഡബ്ലുസിസി

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഫയല്‍ ചിത്രം)

കൊച്ചി: മലയാള സിനിമയിലെ പുതിയ വനിതാ കൂട്ടായ്മയുടെ രൂപീകരണത്തില്‍ സന്തോഷം രേഖപ്പെടുത്തി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഫെയ്‌സ്ബുക്കിലൂടെയാണ് പുതിയ കൂട്ടായ്മയ്ക്ക് ആശംസകള്‍ അറിയിച്ച ഡബ്ലുസിസി രംഗത്തെത്തിയത്. 89 വര്‍ഷത്തെ അന്ധമായിരുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സ്വയം മാറാന്‍ സന്നദ്ധരായ ഫെഫ്കയുടെ മാറ്റത്തിന് പിന്നില്‍ നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഒരോ ഡബ്ലുസിസി അംഗത്തിനും അഭിമാനിക്കാം എന്നും കുറിപ്പില്‍ പറയുന്നു.

‘പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യുസിസി അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.

അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം, ആഹ്ലാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു’.

ഫെഫ്കയുടെ നേതൃത്വത്തിലുള്ള പുതിയ വനിതാ കൂട്ടായ്മ

കഴിഞ്ഞ ദിവസമാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയില്‍ ഫെഫ്ക പുതിയ വനിതാ സംഘടന രൂപീകരിച്ചത്. സംഘടനയുടെ ആദ്യ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗവും ഇന്നലെ കൊച്ചിയില്‍ നടന്നു. സംവിധായകരായ ബി ഉണ്ണികൃഷ്ണനും, സിബി മലയിലും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top