അണ്ടര്‍ 19 വേള്‍ഡ് കപ്പ് ക്രിക്കറ്റ്; കയ്യടി വന്‍മതിലിന് തന്നെ!

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടവുമായി ഇന്ത്യന്‍ ടീം

കൊച്ചി: ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ കരുത്തരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് നാലാം തവണയും ഇന്ത്യയുടെ കൗമാരപ്പട കിരീടമുയര്‍ത്തിയപ്പോള്‍ തകര്‍ന്നത് ഭാവി ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ആശങ്കയായിരുന്നു. ഇത് വെറുമൊരു ലോകകപ്പ് വിജയമല്ല, ഇന്ത്യയുടെ ഭാവി ശോഭനമാണെന്നതിന്റെ ശുഭ സൂചനയാണ്. മികച്ച ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് സമ്പൂര്‍ണമാണ് ദ്രാവിഡിന്റെ കുട്ടിപ്പട. അതിനപ്പുറം എടുത്തുപറയേണ്ടത് കളിക്കാരുടെ ഫിറ്റ്‌നസും പരിശീലകന്റെ ആത്മസമര്‍പ്പണവുമാണ്. എല്ലാ മേഖലയിലും ശക്തരായ ടീമിനെ വാര്‍ക്കാന്‍ സാധിച്ചതില്‍ രാഹുല്‍ ദ്രാവിഡ് കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

2015 ല്‍ സീനിയര്‍ ടീമിലേക്കുള്ള ക്ഷണം വേണ്ടെന്നുവെച്ചുകൊണ്ട് ദ്രാവിഡ് പറഞ്ഞത് ഓര്‍ക്കുക, തന്റെ ആശങ്ക ഇന്ത്യയുടെ ഭാവിയിലാണ്, എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അവിടെയാണ്. ജൂനിയര്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡ് നിയമിതനാകുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്വമായിരുന്നു അദ്ദേഹത്തിന് മുന്നില്‍. നാളേയ്ക്ക് കരുതിവെയ്ക്കാന്‍ മികച്ച ഒരു ടീമിനെ വാര്‍ത്തെടുക്കുക അത്ര എളുപ്പുമുള്ള കാര്യമായിരുന്നില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ വിന്‍ഡീസിനോട് കപ്പിനും ചുണ്ടിനുമിടയിലാണ് കിരീടം നഷ്ടമായത്. എന്നാല്‍ ഇത്തവണ ടൂര്‍ണമെന്റെ് ആരംഭിക്കുന്നതിന് എത്രയോ മുന്‍പ് തന്നെ കളിക്കാരെ അദ്ദേഹം തയ്യാറാക്കി. യുവനിരയിക്ക് മുന്നില്‍ കര്‍ക്കശക്കാരനായ പരിശീലകന്റെ വേഷമണിഞ്ഞു.

ടൂര്‍ണമെന്റില്‍ കിരീടം മാത്രമായിരുന്നില്ല ദ്രാവിഡിന്റെ ലക്ഷ്യം ലോകക്രിക്കറ്റിന് മുന്നില്‍ കാട്ടിക്കൊടുക്കാന്‍ ഇന്ത്യയുടെ ഭാവിനിരയെ സജ്ജമാക്കുക എന്നത് കൂടിയായിരുന്നു. ടീം ഇന്ത്യയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി ഈ ടൂര്‍ണമെന്റ് നല്‍കി. അതെ ഇന്ത്യയുടെ ഭാവി ഇവരുടെ കയ്യില്‍ ഭദ്രമാണ്. കളിക്കാരേക്കാളുപരി വിജയം പരിശീലകന്റേതാണെന്ന് എല്ലാവരും ഒറ്റ സ്വരത്തില്‍ പറയുന്നത് ദ്രാവിഡിന്റെ ആത്മസമര്‍പ്പണത്തിനുള്ള അംഗീകാരം കൂടിയാണ്. പരമ്പരയില്‍ ഒരിക്കല്‍പ്പോലും ദ്രാവിഡിന്റെ കുട്ടികള്‍ പരാജയം നുകര്‍ന്നിട്ടില്ല. ആധികാരിക ജയത്തിനപ്പുറം കളിക്കാര്‍ പുലര്‍ത്തിയ പ്രൊഫഷണലിസം ഭാവി ക്രിക്കറ്റിന്റെ സുരക്ഷിതത്വത്തിനെ കൂടിയാണ് അടിവരയിടുന്നത്. അതില്‍ രാഹുല്‍ ദ്രാവിഡെന്ന പരിശീലകനാണ് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടതും.

കളിക്കളത്തിനും പുറത്തുമുള്ള അനാവശ്യ ബഹളങ്ങളെ മാറ്റിനിര്‍ത്തി പ്രകടനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ ദ്രാവിഡ് കുട്ടികളെ പരിശീലിപ്പിച്ചു. ആരാധകര്‍ സൈലന്റ് കില്ലേര്‍സ് എന്ന ഓമനപ്പേരില്‍ കൗമാരനിരയെ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെ. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ഭാഗ്യമാണ് രാഹുല്‍ ദ്രാവിഡ് എന്ന് പറയുന്നത് മറ്റൊന്നും കൊണ്ടല്ല ഓരോ കളിക്കാരനെയും കൃത്യമായി നിരീക്ഷിക്കുന്നതിനോടൊപ്പം പ്രതിഭയെ വാര്‍ത്തെടുക്കുകയാണ് ഇന്ത്യയുടെ വന്‍മതില്‍. നിലവിലെ ഇന്ത്യന്‍ സംഘത്തെക്കാള്‍ മികച്ച ഒരു യുവനിരയായിരിക്കാം ഒരുപക്ഷെ ദ്രാവിഡിന് കീഴില്‍ വളര്‍ന്നുവരുന്നത്.

കൗമാരലോകകപ്പ് ക്രിക്കറ്റില്‍ ആറാം ഫൈനല്‍ കളിച്ച ഇന്ത്യ ഇത് നാലാം തവണയാണ് കിരീടം ചൂടുന്നത്. ഇതോടെ അണ്ടര്‍ 19 കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. ഓസീസും ഇന്ത്യയും മൂന്ന് തവണ വീതമാണ് ഇതുവരെ കിരീടം സ്വന്തമാക്കിയിരുന്നത്. നേരത്തെ 2000, 2008, 2012 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. നേരത്തെ 2006, 2016 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ ഫൈനലില്‍ കടന്നത്. 2006 ല്‍ പാകിസ്താനിലും കഴിഞ്ഞ തവണ വിന്‍ഡീസിനോടുമായിരുന്നു ഇന്ത്യ ഫൈനലില്‍ തോറ്റത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top