special page

കൗമാരപ്പട കരുത്ത് കാട്ടി; ഇന്ത്യയ്ക്ക് വീണ്ടും ലോകകിരീടം, മന്‍ജോതിന് സെഞ്ച്വറി

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ലോകത്തിന്റെ നെറുകയില്‍. ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ കൗമാരപ്പട കിരീടം സ്വന്തമാക്കി. കരുത്തരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ദ്രാവിഡിന്റെ ചുണക്കുട്ടുകള്‍ ലോകകിരീടം ഉയര്‍ത്തിയത്. ഓപ്പണ്‍ മന്‍ജോതി കല്‍റയുടെ അപരാജിത സെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യയുടെ കിരീട വിജയം. ഓസീസ് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38. 5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

സ്കോര്‍: ഓസീസ് 47.2 ഓവറില്‍ 216 ന് പുറത്ത്; ഇന്ത്യ 38.5 ഓവറില്‍ രണ്ടിന് 220. കൗമാരലോകകപ്പ് ക്രിക്കറ്റില്‍ ആറാം ഫൈനല്‍ കളിച്ച ഇന്ത്യ ഇത് നാലാം തവണയാണ് കിരീടം ചൂടുന്നത്. ഇതോടെ അണ്ടര്‍ 19 കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. ഓസീസും ഇന്ത്യയും മൂന്ന് തവണ വീതമാണ് ഇതുവരെ കിരീടം സ്വന്തമാക്കിയിരുന്നത്. നേരത്തെ 2000, 2008, 2012 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. നേരത്തെ 2006, 2016 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ ഫൈനലില്‍ കടന്നത്. 2006 ല്‍ പാകിസ്താനിലും കഴിഞ്ഞ തവണ വിന്‍ഡീസിനോടുമായിരുന്നു ഇന്ത്യ ഫൈനലില്‍ തോറ്റത്.

102 പന്തില്‍ 101 റണ്‍സോടെയാണ് മന്‍ജോത് പുറത്താകാതെ നിന്നത്. മന്‍ജോതിന് പുറമെ ഹാര്‍വിക് ദേശായി (42), ശുഭ്മാന്‍ ഗില്‍ (31), ക്യാപ്റ്റന്‍ പൃഥ്വി ഷാ (29) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

217 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് മന്‍ജീതും ക്യാപ്റ്റന്‍ പൃഥ്വീ ഷായും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 11.4 ഓവറില്‍ 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഷാ മടങ്ങിയത്. 41 പന്തില്‍ 29 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന. പിന്നീടെത്തിയ ശുഭ്മാന്‍ ഗിലിനൊപ്പം രണ്ടാം വിക്കറ്റില്‍ മന്‍ജീത് 60 റണ്‍സ് ചേര്‍ത്തു. ആക്രമിച്ച് കളിച്ച ഗില്‍ 30 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പരം ഉപ്പലിനെ കയറി അടിക്കാനുള്ള ശ്രമത്തിനിടെ ഗില്‍ ബൗള്‍ഡാവുകയായിരുന്നു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെയായിരുന്നു ഗിലിന്റെ പുറത്താകല്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറില്‍ 216 റണ്‍സിന് പുറത്താവുകയായിരുന്നു. 40 ഓവറില്‍ നാല് വിക്കറ്റിന് 183 എന്ന ശക്തമായ നിലയില്‍ നിന്നാണ് മഞ്ഞപ്പട 216 റണ്‍സിന് പുറത്തായത്. അവസാന ഏഴ് വിക്കറ്റുകള്‍ വെറും 36 റണ്‍സിനാണ് ഓസീസിന് നഷ്ടമായത്. മധ്യ ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്‍ ബൗളര്‍മാരാണ് ഓസീസിനെ മെരുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അന്‍കുല്‍ റോയ്, കമലേഷ് നാഗര്‍കോത്തി, ശിവ സിംഗം, ഇശാന്ത് പോരെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സാമാന്യം ഭേദപ്പെട്ട തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ഓപ്പണര്‍മാരായ ജാക്ക് എഡ്വേഡും മാക്‌സ് ബ്രയാന്റും മികച്ച തുടക്കം നല്‍കി. എന്നാല്‍ മികച്ച തുടക്കം മുതലാക്കാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. 76 റണ്‍സെടുത്ത മധ്യനിരതാരം ജൊനാഥന്‍ മെര്‍ലോയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top