കൗമാരലോകകപ്പ്: മന്‍ജോതിന് അര്‍ദ്ധസെഞ്ച്വറി, ഇന്ത്യ കിരീട വിജയത്തിലേക്ക്

വെല്ലിംഗ്ടണ്‍: അണ്ടര്‍19 ലോകകപ്പില്‍ ക്രിക്കറ്റില്‍ ഇന്ത്യ കിരീട വിജയത്തിലേക്ക്. ഓസീസ് ഉയര്‍ത്തിയ 217 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 24 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയിലാണ് എട്ട് വിക്കറ്റും 26 ഓവറുകളും ശേഷിക്കെ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് വെറും 78 റണ്‍സാണ്. അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ മികച്ച വിജയത്തോടെ ദ്രാവിഡിന്റെ ചുണക്കുട്ടികള്‍ അല്‍പസമയത്തിനകം കിരീടം കൈപ്പിടിയിലൊതുക്കും.

ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കുതിക്കുന്നത്. 61 റണ്‍സുമായി മന്‍ജിത് ക്രീസില്‍ തുടരുകയാണ്. 58 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സറും മന്‍ജീത് ഇതിനോടകം നേടിക്കഴിഞ്ഞു. 217 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് മന്‍ജീതും ക്യാപ്റ്റന്‍ പൃഥ്വീ ഷായും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 11.4 ഓവറില്‍ 71 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഷാ മടങ്ങിയത്. 41 പന്തില്‍ 29 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന. പിന്നീടെത്തിയ ശുഭ്മാന്‍ ഗിലിനൊപ്പം രണ്ടാം വിക്കറ്റില്‍ മന്‍ജീത് 60 റണ്‍സ് ചേര്‍ത്തു. ആക്രമിച്ച് കളിച്ച ഗില്‍ 30 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പരം ഉപ്പലിനെ കയറി അടിക്കാനുള്ള ശ്രമത്തിനിടെ ഗില്‍ ബൗള്‍ഡാവുകയായിരുന്നു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെയായിരുന്നു ഗിലിന്റെ പുറത്താകല്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറില്‍ 216 റണ്‍സിന് പുറത്താവുകയായിരുന്നു. 40 ഓവറില്‍ നാല് വിക്കറ്റിന് 183 എന്ന ശക്തമായ നിലയില്‍ നിന്നാണ് മഞ്ഞപ്പട 216 റണ്‍സിന് പുറത്തായത്. അവസാന ഏഴ് വിക്കറ്റുകള്‍ വെറും 36 റണ്‍സിനാണ് ഓസീസിന് നഷ്ടമായത്. മധ്യ ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്‍ ബൗളര്‍മാരാണ് ഓസീസിനെ മെരുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അന്‍കുല്‍ റോയ്, കമലേഷ് നാഗര്‍കോത്തി, ശിവ സിംഗം, ഇശാന്ത് പോരെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സാമാന്യം ഭേദപ്പെട്ട തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ഓപ്പണര്‍മാരായ ജാക്ക് എഡ്വേഡും മാക്‌സ് ബ്രയാന്റും മികച്ച തുടക്കം നല്‍കി. എന്നാല്‍ മികച്ച തുടക്കം മുതലാക്കാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. 76 റണ്‍സെടുത്ത മധ്യനിരതാരം ജൊനാഥന്‍ മെര്‍ലോയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top