കളി മാറി; ജയത്തോടെ ഇന്ത്യ തുടങ്ങി, സെഞ്ച്വറിയോടെ കോഹ്‌ലിയും

ഡര്‍ബന്‍: ടെസ്റ്റ് പരമ്പരയിലെ തോല്‍വിയ്ക്ക് മധുരപ്രതികാരം വീട്ടുക, അതാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യ ചുവട് കോഹ്‌ലിയും സംഘവും വെച്ചുകഴിഞ്ഞു. ഏകദിന പരമ്പരയ്ക്ക് വിജയത്തോടെ ഇന്ത്യന്‍ ടീം തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യം ബൗളര്‍മാരും പിന്നീട് ബാറ്റ്‌സ്മാന്‍മാരും കളംനിറഞ്ഞ് കളിച്ചപ്പോള്‍ ആറുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

ഏകദിന പരമ്പര തുടങ്ങുമ്പോള്‍ ഇന്ത്യയുടെ കളി മാറും എന്നത് പ്രതീക്ഷിച്ചിരുന്നതാണ്. ആ പ്രതീക്ഷകള്‍ ശരിവെക്കുന്നതാണ് ആദ്യ ഏകദിനത്തിലെ പ്രകടനം. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ 63 റണ്‍സിന്റെ ഉജ്ജ്വല വിജയത്തിന്റെ പിന്‍ബലത്തില്‍ ഇറങ്ങിയ ഇന്ത്യ സമസ്ത മേഖലകളിലും എതിരാളികളെ നിഷ്പ്രഭരാക്കി. ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് കുറിച്ചത് 269 റണ്‍സ്. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ സെഞ്ച്വറിയായിരുന്നു ആതിഥേയരുടെ ഇന്നിംഗ്‌സിന്റെ സവിശേഷത. ഈ ഇന്നിംഗ്‌സാണ് വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച അവര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചതും. 112 പന്തില്‍ 11 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 120 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന. ഇതിന് പുറമെ 34 റണ്‍സെടുത്ത ഡി കോക്ക്, 37 റണ്‍സെടുത്ത ക്രിസ് മോറിസ് എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.

പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ആഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിളങ്ങുന്നതാണ് കണ്ടത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹാലുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ തകര്‍ത്തത്. കുല്‍ദീപ് പത്തോവറില്‍ 34 റണ്‍സും ചഹാല്‍ 45 ഉം റണ്‍സാണ് വഴങ്ങിയത്. 20 ഓവറില്‍ രണ്ടുപേരും ചേര്‍ന്ന് വിട്ടുകൊടുത്തത് വെറും79 റണ്‍സ്. അതേസമയം, ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഭുവനേശ്വര്‍ കുമാര്‍ പത്തോറില്‍ 71 ഉം ബൂമ്‌റ 56 ഉം റണ്‍സ് വഴങ്ങിയപ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യെ ഏഴോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്തു.

രഹാനെയും കോഹ്‌ലിയും മത്സരത്തിനിടെ

മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കോഹ്‌ലിയുടെ സെഞ്ച്വറിയും രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 45.3 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 119 പന്തില്‍ കോഹ്‌ലി 112 റണ്‍സെടുത്തു. പത്തുഫോറുകള്‍ ഉള്‍പ്പെട്ട ഇന്നിംഗ്‌സ്. വിജയലക്ഷ്യം പിന്തുടരുമ്പോള്‍ റണ്‍സൊഴുക്കുന്ന കോഹ്‌ലിയുടെ ശീലം ഇവിടെയും ആവര്‍ത്തിച്ചു. ഏകദിനത്തിലെ മുപ്പത്തിമൂന്നാം സെഞ്ച്വറിയാണ് കോഹ്‌ലി കുറിച്ചത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന രഹാനെ മികച്ച ഇന്നിംഗ്‌സിലൂടെ ടീമില്‍ താന്‍ എത്രത്തോളം അനിവാര്യനാണെന്ന് തെളിയിച്ചു. 86 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് മനോഹരമായ സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു രഹാനെയുടെ 79 റണ്‍സ് പിറന്നത്. തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ സെഞ്ച്വറിയാണ് രഹാനെ കുറിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 67 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായ ഇന്ത്യയ്ക്ക് കോഹ്‌ലി-രഹാനെ സഖ്യമാണ് തുണയായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 189 റണ്‍സ് ചേര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top