”കളിക്കാരെ വിലയിരുത്തേണ്ടത് ഐപിഎല്‍ ലേലത്തുക നോക്കിയല്ല”; ഗാംഗുലി

സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഐപിഎല്‍ ലേലത്തുക നോക്കിയല്ല കളിക്കാരെ വിലയിരുത്തേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഡിമാന്‍ഡ്, സപ്ലൈ ഫോര്‍മാറ്റില്‍ നടത്തുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍ എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ഇയര്‍ ബുക്ക് 20-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്‍ തുകയുടെ പേരില്‍ താരങ്ങളെ വിലയിരുത്തരുത്. 54 സെഞ്ചുറികള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ലേലത്തില്‍ വിറ്റുപോയില്ല, എന്നാല്‍ രജ്ജി ട്രോഫി മത്സരങ്ങളുടെ മാത്രം അനുഭവ സമ്പത്തുള്ള ദില്ലിയുടെ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് 6.2 കോടി രൂപയ്ക്കാണ്. അതുകൊണ്ടുതന്നെ കാളിക്കാരുടെ മൂല്യം വിലയിരുത്തുന്ന ഒന്നല്ല ഐപിഎല്‍, ഗാംഗുലി വ്യക്തമാക്കി.

ഐപിഎല്‍ തികച്ചും വ്യത്യസ്തമായ ഒന്നാണ്. അതിനെ ആ രീതിയില്‍ തന്നെ നോക്കി കാണണം. ഡിമാന്‍ഡ്-സപ്ലൈ ഫോര്‍മാറ്റാണ് ഐപിഎല്ലിന്റേത്. ഈ വര്‍ഷത്തെ ലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് ജയദേവ് ഉനദ്ഘട്ടിനുവേണ്ടിയാണ്. ഇന്ത്യക്കായി രണ്ട് ഏകദിനത്തില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ഒരു ടെസ്റ്റില്‍ പോലും ഇറങ്ങിയിട്ടില്ല. ഗാംഗുലി വ്യക്തമാക്കി. 11.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ജയദേവിനെ സ്വന്തമാക്കിയത്.

നേരത്തെ, ഐപിഎല്ലില്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നത് കന്നുകാലി ചന്തകളിലെ ലേലംവിളി പോലെയാണെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലയേഴ്‌സ് അസോസിയേഷന്‍ വിമര്‍ശിച്ചിരുന്നു. കളിക്കാരെ അധിക്ഷേപിക്കുന്ന തരത്തിലാണ് താരലേലമെന്നും ഇത്തരം പുരാതന രീതി പിന്തുടരുന്ന മറ്റൊരു ലീഗ് ലോകത്തില്‍ ഇല്ലെന്നും അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹെത്ത് മില്‍സ് കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top