പത്മാവതിന് മലേഷ്യയില്‍ വിലക്ക്; ഇസ്‌ലാം വിരുദ്ധമെന്ന് ആരോപണം

പ്രതീകാത്മക ചിത്രം

കോലാലമ്പൂര്‍: സജ്ഞയ് ലീല ബന്‍സാലി ചിത്രം പത്മാവതിനെ ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല. ഇസ്‌ലാം വിരുദ്ധമാണ് ചിത്രമെന്ന് ആരോപിച്ച് പത്മാവതിന് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തി.

മുസ്‌ലിം ജനത കൂടുതലുള്ള രാഷ്ട്രം എന്ന നിലയ്ക്ക് ചിത്രത്തിന് മലേഷ്യയില്‍ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സാംമ്പേരി അബ്ദുള്‍ അസീസിന്റെ വാദം. ചിത്രത്തിന്റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍.

നേരത്തെ ഇന്ത്യയില്‍ പത്മാവതിന്റെ റിലീസിനെതിരെ രജപുത് കര്‍ണിസേന വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഹരിയാനയിലും ഉത്തര്‍പ്രദേശിലും നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച കര്‍ണിസേന ഹരിയാനയിലെ മാളില്‍ അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിടുകയും ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഡിഎന്‍ഡി ടോള്‍ ബൂത്തുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രദര്‍ശനാനുമതി നല്‍കാന്‍ ആകില്ലെന്നാവര്‍ത്തിച്ച് ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സുപ്രിം കോടതി വിധി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top