സൗദി ജനാദ്രിയ ഫെസ്റ്റിവല്‍; ഇന്ത്യയില്‍ നിന്നും മന്ത്രിമാര്‍ ഉള്‍പ്പടെ ഉന്നത സംഘം പങ്കെടുക്കും

ഫയല്‍ ചിത്രം

റിയാദ്: അടുത്ത മാസം റിയാദില്‍ ആരംഭിക്കുന്ന സൗദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നും മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നത തല സംഘം പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിഥി രാഷ്ട്രമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അംഗീകാരമാണെന്നും അംബാസിഡര്‍ വ്യക്തമാക്കി.

സൗദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അംബാസിഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരമാണിത്. ഫെബ്രുവരി 7ന് റിയാദില്‍ ആണ് 18 ദിവസം നീണ്ടുനില്‍ക്കുന്ന 32-ാം മത് ജനാദ്രിയ മഹോത്സവം അരങ്ങേറുന്നത്.

32 ലക്ഷം ഇന്ത്യക്കാരുളള സൗദിയില്‍ രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമായി. ഇതിനുളള അംഗീകാരമാണ് ഇന്ത്യയെ അതിഥി രാഷ്ട്രമായി ക്ഷണിച്ചതെന്നും അംബാസിഡര്‍ വ്യക്തമാക്കി.

മഹോത്സവ നഗരിയിലെ ഇന്ത്യന്‍ പവിലിയനില്‍ പരമ്പരാഗതവും സമകാലികവുമായ വിവിധ കലാകായികവിനോദ പരിപാടികള്‍ അവതരിപ്പിക്കും. ഇതിന് പുറമെ സെമിനാര്‍, വ്യവസായവാണിജ്യ സംഗമം എന്നിവക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സ്റ്റാളുകളും പവിലിയനില്‍ ഉണ്ടാകും. സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

വിദഗ്ദര്‍ പങ്കെടുക്കുന്ന സെമിനാറില്‍ ഇന്തോസൗദി ഉഭയകക്ഷി ബന്ധത്തിന്റെ വസ്തുതകളും ഭാവിയും, സാമ്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും സംയുക്തമായി ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണം എന്ന വിഷയത്തില്‍ പ്രത്യേക സെമിനാറും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡിസിഎം ഡോക്ടര്‍ സുഹൈല്‍ ഇജാസ് ഖാന്‍, ഫെസ്റ്റ് സെക്രട്ടറി ഡോക്ടര്‍ ഹിഫ്‌സുറഹ്മാന്‍ എന്നിവരും പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top