‘സ്വന്തം വീട്ടില്‍ തീ പടര്‍ന്നാല്‍ ചെറിയ ശത്രുവിന്റെ കിണറ്റിലെ വെള്ളമെടുത്ത് തീ അണയ്ക്കാം’; കോണ്‍ഗ്രസ് സഹകരണത്തെക്കുറിച്ച്‌ വിഎസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്‌

എ സുരേഷ്

ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഏതു വിധത്തിലുള്ളതായിരിക്കണമെന്ന കാര്യത്തില്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിലെ തര്‍ക്കം പോളിറ്റ് ബ്യൂറോയിലും തുടരുന്നതിനിടെ ഇക്കാര്യത്തിലുള്ള നിലപാട് അറിയിച്ച് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്. മതേതര രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കേണ്ട സിപിഐഎം വ്യക്തി കേന്ദ്രീകൃത ചര്‍ച്ചയ്ക്ക് സമയം കളയുന്നതായാണ് സുരേഷിന്റെ ആരോപണം.

സ്വന്തം വീട്ടില്‍ തീ പടര്‍ന്നാല്‍ ചെറിയ ശത്രുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളമെടുത്ത് തീ അണക്കേണ്ടത് അനിവാര്യമാണെന്ന് സുരേഷ് തന്റെ പോസ്റ്റില്‍ പറയുന്നു. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോഴും 13 വര്‍ഷത്തോളം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന സുരേഷിനെ വാര്‍ത്ത ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് 2013 മേയില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു.  പാലക്കാട് സ്വദേശിയായ സുരേഷ് പിന്നീട് ഗള്‍ഫിലേക്ക് ജോലി തേടിപ്പോയെങ്കിലും രണ്ട് വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് സുരേഷ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിരുന്നില്ല.

മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് സുരേഷിന്റെ എഫ് ബി പോസ്റ്റ്. കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള വിഷയത്തില്‍ കഴിഞ്ഞദിവസം വിഎസ് അച്യുതാനന്ദന്‍ സീതാറാം യെച്ചൂരിയുടെ നിലപാടിന് പൂര്‍ണ പിന്തുണ അറിയിച്ച് കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഈ നിലപാടിനെ പിന്തുണയ്ക്കുന്നതാണ് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ പോസ്റ്റും. കേന്ദ്രകമ്മിറ്റിയുടെ നിലപാടുകളെയും സുരേഷ് വിമര്‍ശിക്കുന്നുണ്ട്.

സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

സി പി എം ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ്‌ ഹൈദരാബാദിൽ വെച്ച് നടക്കാൻ പോകുന്നു…..പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം തയ്യാറാക്കാൻ കൊൽക്കത്തയിൽ കേന്ദ്രകമ്മറ്റി യോഗം നടക്കുന്നു… വിഷയം കോൺഗ്രസ്‌ പാർട്ടിയുമായി സഖ്യം വേണമോ എന്നത് സംബന്ധിചാണ്…
ഈ തർക്കം കാരാട്ട് യെച്ചൂരി തർക്കം എന്ന നിലയ്ക്ക് മാധ്യമങ്ങൾ ചുരുക്കി കാണുന്നു. സത്യത്തിൽ വിഷയം ഉടലെടുത്തത് ഒന്നാം യൂ പി എ സർക്കാരിന്റെ ആണവ കരാറുമായി ബന്ധപ്പെട്ടാണ്… അന്ന് കേന്ദ്ര സർക്കാരിന്റെ പിന്തുണ പിൻവലിക്കുന്ന പ്രശനത്തിൽ കേന്ദ്ര കമ്മിറ്റി രണ്ടു തട്ടിലായിരുന്നു…ബംഗാൾ ഘടകം ഒന്നടങ്കം പിന്തുണ പിൻവലിക്കുന്നതിനു പൂർണ്ണമായും എതിർപ്പ് ആയിരുന്നു… സിങ്ങൂർ…നന്ദിഗ്രാം പ്രശ്നം കത്തി നിൽക്കുന്ന കാലം മമത ബാനർജിയെ ഇല്ലാതാക്കാൻ ബംഗാളിൽ ഇടതു പക്ഷത്തിനു കോൺഗ്രസ്‌ കൂടിയേ തീരൂ…എന്നത് ആയിരുന്നു ബംഗാൾ സഖാക്കളുടെ വാദം. യെച്ചൂരിയും ആ നിലപാടിൽ… സ്വാഭാവികമായും പ്രായോഗിക രാഷ്ട്രീയം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാരാട്ട് ഇതിനെ എതിർത്തു ഫലത്തിൽ പിന്തുണ പിൻവലിച്ചു.. ഒരു അഖിലേന്ത്യാ ജാഥ കാരാട്ട് നയിച്ചു.. അടുത്ത തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ എം പി മാരുടെ എണ്ണം നേർ പകുതിയിലും താഴെ ആയി.. ബംഗാളിൽ എം എൽ എ മാരുടെ എണ്ണം ദയനീയ മായി ചുരുങ്ങി…
കേവലം യെച്ചൂരി പ്രകാശ് തർക്കം എന്നതിൽ ഉപരി… ഇന്ത്യ ഫാസിസത്തിന്റെ പിടിയിൽ അമർന്നു എന്ന യാഥാർഥ്യം തിരിച്ചറിയാതേ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം പോകുന്നു എന്നത് ഭീതി ജനകമാണ്.. ബി ജെ പി ഒരു രാജ്യ വിപത്തായി….മോഡി ഒരു തികഞ്ഞ ജനവിരുദ്ധ ഭരണധികാരി ആയി മാറി കഴിഞ്ഞിരിക്കുന്നു… ഇന്ത്യ യെ സ്നേഹിക്കുന്ന എല്ലാ മതേതര രാഷ്ട്രീയ ശക്തികളും ഒന്നിക്കാൻ കാലം ആവശ്യപ്പെടുന്നു… ഫാസിസം കൊടി കുത്തി വാഴുന്ന ഈ കെട്ട കാലത്ത് സെക്കുലർ രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കേണ്ട സി പി എം വെറും വ്യക്തി കേന്ദ്രികൃത തമായ ചർച്ച ക്ക് സി സി യുടെ വിലപ്പെട്ട സമയം പാഴാക്കുന്നു….. നമ്മുടെ വീട്ടിൽ തീ പടരുന്നു എന്ന് കരുതുക കിണർ ഉള്ളത് കേവലമായ ഒരു ചെറിയ ശത്രു വിന്റെ വീട്ടിൽ ആണെങ്കിൽ തീ അണക്കേണ്ടതു അനിവാര്യമാണ് എന്നത് കൊണ്ട് തന്നെ ഏറ്റവും വലിയ ശത്രു ആയ തീ അണക്കാനുള്ള വെള്ളം ആ വീട്ടിലെ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല തീ പടർന്നാൽ അത് സർവനാശത്തിൽ കലാശിക്കും എന്നത് കൊണ്ട് തന്നെ…. ഒരു ചെറിയ ഉപമ പറഞ്ഞു എന്നേയുള്ളൂ….. 19,, സംസ്ഥാനം ഭരിക്കുന്ന ബി ജെ പി എന്ന വിപത്തിനെ നേരിടാൻ സർവ്വ അടവും പയറ്റാൻ പാർട്ടിയെ സജ്ജമാക്കി നിർത്തേണ്ട നിർണ്ണായക കേന്ദ്ര കമ്മിറ്റി .. കാലം ആവശ്യപ്പെടുന്ന ദത്യം ഏറ്റെടുക്കാതേ പോകുന്നത് വരട്ടു തത്വംവാദം തന്നെയാണ്………

വിഎസിനൊപ്പം സുരേഷ് (ഫയല്‍ചിത്രം)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top