അഗ്നി 5 തടയാന്‍ ഗവണ്‍മെന്റ് മാര്‍ഗം കണ്ടെത്തണമെന്ന് ചൈനീസ് മാധ്യമങ്ങള്‍; ഇന്ത്യയുടെ സാങ്കേതികവിദ്യ മികച്ചതല്ലെന്ന് ഗ്ലോബല്‍ ടൈംസ്


കഴിഞ്ഞ ദിവസം ഇന്ത്യ വീണ്ടും പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5ന്റെ വിജയത്തില്‍ വിറളിപൂണ്ട് ചൈന. ചൈനയിലെ പ്രധാന ദിനപ്പത്രങ്ങളിലാണ് ഈ ആശങ്ക കൃത്യമായി പ്രതിഫലിച്ചത്. നിലവില്‍ ചൈനയെ മൊത്തത്തില്‍ പരിധിയിലാക്കാന്‍ അഗ്നിക്ക് സാധിക്കും. അതിനാല്‍ ഈ മിസൈല്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗം കണ്ടെത്തണമെന്നാണ് മാധ്യമങ്ങളുടെ ആവശ്യം.

ഇന്ത്യന്‍ മിസൈലിനെ കരുതിയിരിക്കണം. പരീക്ഷണം വിജയിച്ചതോടെ ഇന്ത്യ വന്‍തോതില്‍ അഗ്നി 5 നിര്‍മിച്ച് കൂട്ടും. ഇതിനെ തടയുന്നതെങ്ങനെയെന്ന് പദ്ധതി തയ്യാറാക്കണം. അണുവായുധ നിര്‍മാണത്തില്‍ ഇന്ത്യ വളരെ മുന്നിലാണ്. ആണവ നിര്‍വ്യാപന കരാറിന് വിപരീതമായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ അത്ര മികച്ചതൊന്നുമല്ലെന്നും പത്രം ആശ്വാസംകൊള്ളുന്നുണ്ട്.

ഇന്നലെ ഒറീസയില്‍വച്ചാണ് മിസൈലിന്റെ പരീക്ഷണം വീണ്ടും നടന്നത്. ഇതാദ്യമായാണ് എല്ലാവിധ ശേഷിയും പരിശോധിച്ചുകൊണ്ട് പരീക്ഷണം നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് അഗ്‌നി വീണ്ടും പരീക്ഷിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ചൈനയുടെ വടക്കേയറ്റത്തുവരെ വിനാശം വിതയ്ക്കാന്‍ അഗ്നിക്ക് കഴിവുണ്ട്. പാകിസ്ഥാന്‍ മുഴുവനായും യൂറോപ്പിന്റെ ഭൂരിഭാഗവും അഗ്‌നിയുടെ പരിധിയില്‍ വരും. ഒന്നര ടണ്‍ ഭാരമുള്ള ആണവായുധവും വഹിച്ച് 5000 കിലോമീറ്റര്‍ ചുറ്റളവിലെവിടെയും അഗ്‌നി 5ന് എത്തിച്ചേരാനാകും. 2016 ഡിസംബറിലാണ് ആദ്യമായി അഗ്‌നി 5 പരീക്ഷിക്കുന്നത്.

അഗ്നി സീരിസിലെ ഏറ്റവും പ്രഹര ശേഷിയുള്ളതും അത്യാധുനികവുമാണ് അഗ്‌നി 5 എന്ന് പേരിട്ടിരിക്കുന്ന ഈ അഞ്ചാം തലമുറ മിസൈല്‍. ഇതോടെ 5000 കിലോമീറ്ററിലേറെ സഞ്ചരിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ കഴിവുള്ള മിസൈലുകള്‍ കൈവശം വയ്ക്കുന്ന രാജ്യങ്ങളില്‍ ആറാമനായി ഭാരതം. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യയേക്കൂടാതെ ഇത്രയും റെയ്ഞ്ച് ഉള്ള മിസൈലുകള്‍ ഉള്ളത്.

എന്നാല്‍ അഗ്‌നി വേറിട്ടുനില്‍ക്കുന്നത് പ്രഹരശേഷികൊണ്ടും കൃത്യതകൊണ്ടും ദൂരപരിധികൊണ്ടുമല്ല. മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ അഗ്‌നിക്ക് സാധിക്കും. ഒരിക്കല്‍ തൊടുത്തുകഴിഞ്ഞാല്‍ അഗ്‌നിയെ തടയാനോ ലക്ഷ്യം മാറ്റം വരുത്താനോ സാധിക്കില്ല. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇസ്രായേലിനുമുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ചുമാത്രമേ അഗ്‌നി 5നെ നിര്‍വീര്യമാക്കാന്‍ സാധിക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെ ചൈനയ്ക്കും പാകിസ്താനുമുള്ള ഒരു സന്ദേശമെന്നോണമാണ് ഇന്ത്യയുടെ അഗ്‌നി 5 പരീക്ഷണം വീണ്ടും നടന്നത്. ഇതുകൊണ്ടുകൂടിയാണ് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയുടെ വിജയത്തിത്തെ അസൂയയോടെ നോക്കിക്കാണുന്നതും കുറ്റം കണ്ടുപിടിക്കുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top