കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നു

കാര്‍ട്ടോസാറ്റ് 2 എടുത്ത രാജ്യത്തിന്റെ ചില കോണുകളില്‍നിന്നുള്ള ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. നിലവില്‍ ലഭിക്കുന്ന മറ്റ് ചില ചിത്രങ്ങളേക്കാള്‍ വ്യക്തവും പകിട്ടാര്‍ന്നതുമാണ് കാര്‍ട്ടോസാറ്റ് ചിത്രങ്ങള്‍. ഇതോടെ ഐഎസ്ആര്‍ഒയ്ക്ക് നിരവധി അഭിന്ദനങ്ങളാണ് നാനാഭാഗത്തുനിന്നും ലഭിക്കുന്നത്.

കാര്‍ട്ടോസാറ്റ്2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് കഴിഞ്ഞദിവസം വിക്ഷേപിച്ചത്. പിഎസ്എല്‍വിയുടെ ഈ നാല്‍പതാം ദൗത്യത്തില്‍ 31 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിയത്. അമേരിക്ക, കാനഡ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് വിക്ഷേപിച്ച മറ്റ് ചെറു ഉപഗ്രഹങ്ങള്‍.

കാലാവസ്ഥ നിരീക്ഷണത്തിന് സഹായകമാകുന്ന തരത്തില്‍ ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ് 2ന്റെ പ്രധാന ലക്ഷ്യം. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത. ഇപ്പോള്‍ പുറത്തുവിട്ടതിനേക്കാള്‍ മികച്ചതും കൃത്യതയാര്‍ന്നതുമായ ചിത്രങ്ങള്‍ കാര്‍ട്ടോസാറ്റിലൂടെ ലഭിക്കും. എന്നാല്‍ അവ വെളിയില്‍ വിടുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top