ഡേവിഡ് ജെയിംസും കോപ്പലാശാനും ഇന്ന് നേര്‍ക്കുനേര്‍; മഞ്ഞപ്പടയുടെ ലക്ഷ്യം ജയം മാത്രം


ദൗര്‍ഭാഗ്യങ്ങളെല്ലാം വിട്ടൊഴിഞ്ഞ് പുതുപിറവിയുടെ വഴിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിലെ തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം മലയാളികളുടെ മഞ്ഞപ്പട വീണ്ടും കാണികളില്‍ പ്രതീക്ഷയും ആവേശം വാരിവിതറി മുന്നേറ്റം തുടങ്ങിയിരിക്കുകയാണ്. ഇനി തങ്ങളുടെ പ്രിയ ടീം അവസാന നാലില്‍ എത്തുമെന്ന് ആരാധകരെല്ലാം ഉറപ്പിച്ച് കഴിഞ്ഞു. ഇന്ന് ജംഷഡ്പൂരിനെതിരെ അവരുടെ നാട്ടില്‍ ഇറങ്ങുമ്പോള്‍ ജയം തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഡേവിഡ് ജെയിംസ് എന്ന പുതിയ പരിശീലകന് കീഴില്‍ തോല്‍ക്കാന്‍ മനസില്ലാത്ത കൂട്ടമായി ബ്ലാസ്റ്റേഴ്‌സ് നിര മാറിക്കഴിഞ്ഞു.

ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സും ആരാധകരും. എറ്റവും ഒടുവില്‍ നടന്ന മൂന്നു മത്സരങ്ങള്‍ ടീമിലും ആരാധകരിലും ഉണര്‍ത്തിയ പ്രതീക്ഷകള്‍ അത്രയും ഉയരത്തിലായിരിക്കുകയാണ്. അവസാന നാലില്‍ വരാന്‍ ഏറ്റവും സാധ്യതയുള്ള കരുത്തരായ പൂനെയെ സമനിലയില്‍ തളച്ചു കൊണ്ടു തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയേയും മുംബൈയേയും പരാജയപ്പെടുത്തി. ഇതേ ഫോം ആവര്‍ത്തിച്ചാല്‍ ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരെയും വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കളിക്കാരുടെ കരുത്തും പരിമിതിയും മനസിലാക്കി അവരെ വിനിയോഗിക്കാന്‍ ഡേവിഡ് ജെയിംസിനുള്ള കഴിവാണ് മൂന്നു മത്സരങ്ങളിലും കണ്ടത്. ആദ്യമത്സരങ്ങളില്‍ തീര്‍ത്തും മങ്ങിപ്പോയ പലതാരങ്ങളും ജെയിംസിന്റെ വരവോടെ കൂടുതല്‍ ഊര്‍ജസ്വലരായി. മധ്യനിരയിലാണ് ഈ മാറ്റം ഏറ്റവും പ്രകടമാകുന്നത്. ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും ആശങ്ക സൃഷ്ടിച്ചിരുന്ന പൊസിഷനായിരുന്നു ഇത്. പെക്കൂസനും കെസിറോണും ജാക്കിചന്ദും യഥാര്‍ത്ഥഫോമിലേക്ക് വന്നതോടെ ടീം അപ്പാടെ ഉണര്‍ന്നു. മുന്നേറ്റക്കാര്‍ക്ക് പിറകിലേക്ക് ഇറങ്ങിവരേണ്ട സാഹചര്യവും ഒഴിവായി. ഇതോടെ അവര്‍ കൂടുതല്‍ സ്വതന്ത്രരായി. അതാണ് കഴിഞ്ഞ മത്സരങ്ങളില്‍ ഗോളുകള്‍ വീഴാന്‍ കാരണമായതും. പെക്കൂസന്റെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ ഹ്യൂമിന്റെ ആത്മവിശ്വാസവും ലക്ഷ്യബോധവും കൂടി. അത് പ്രതിരോധക്കാരെയും ഗോള്‍ കീപ്പറേയും കൂടുതല്‍ കരുത്തരാക്കി.

പാസിംഗിലും റിസീവിംഗിലും വന്ന കൃത്യതയും എടുത്തു പറയേണ്ടതാണ്. ബോളിനോട് പെട്ടെന്നുണ്ടാകേണ്ട പ്രതികരണത്തിലാണ് ഇപ്പോഴും പ്രശ്‌നം നിലനില്‍ക്കുന്നത്. അനാവശ്യമായി പന്തുവെച്ച് താമസിപ്പിക്കലും കൃത്യസമയത്ത് പാസുനല്‍കുന്നതിലുള്ള വിമുഖതയും പരിഹരിക്കാന്‍ അവശേഷിക്കുന്ന കാര്യങ്ങളാണ്. ഈ രണ്ടു കാര്യങ്ങള്‍ക്ക് കൂടി മാറ്റം സംഭവിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടുക പ്രയാസമാകും.

ജംഷഡ്പൂരിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍താരം ബെര്‍ബെറ്റോവും കളിച്ചേക്കും. മുന്നേറ്റത്തില്‍ ഹ്യൂം ഫോമിലായതിനാല്‍ മധ്യനിരയിലായിരിക്കും ഒരു പക്ഷേ ബെര്‍ബെറ്റോവിന്റെ സ്ഥാനം. ആദ്യമത്സരങ്ങളില്‍ അത് വലിയ ഫലം കണ്ടില്ലെങ്കിലും പെക്കൂസന്‍ ഫോമിലേക്ക് വന്നതോടെ ഇനിയത് ഫലപ്രദമായേക്കും. പരിശീലകന്‍ ഏതു ഫോര്‍മേഷന്‍ സ്വീകരിച്ചാലും അതിനോട് നന്നായി പ്രതികരിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ബ്ലാസ്റ്റേഴ്‌സ് മാറിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിലെ പ്ലേയിംഗ് ഇലവനില്‍ നിന്ന് കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ബെര്‍ബെറ്റോവ് കളിക്കാനുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെങ്കില്‍ പകരക്കാരനായിട്ടായിരിക്കും ഇറങ്ങുക. എന്തായാലും കാര്യങ്ങള്‍ ഇതുവരെ ശുഭകരമാണ്. പത്തു മത്‌സരങ്ങളില്‍ നിന്ന് മൂന്നു വിജയവും അഞ്ചുസമനിലയും രണ്ടു പരാജയവുമായി 14 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ജംഷഡ്പൂരിനെ പരാജയപ്പെടുത്താനായാല്‍ അഞ്ചാം സ്ഥാനത്തേക്കുയരാന്‍ കഴിയും. ആദ്യമത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.

ഒമ്പതുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷഡ്പൂരിന് രണ്ടു വിജയവും നാലു സമനിലയും മൂന്നു തോല്‍വികളുമായി പത്തു പോയിന്റുണ്ട്. ഒമ്പതുമത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. വിജയത്തില്‍ കുറഞ്ഞൊന്നും അവരെ രക്ഷിക്കാന്‍ പോകുന്നില്ല. അതിനാല്‍ കരുതലോടെയായിരിക്കും അവര്‍ ഇറങ്ങുക. മികച്ച കളിക്കാരും പരിശീലകനുമുണ്ടെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ അവര്‍ക്കായിട്ടില്ല. ടീമുമായി പിണങ്ങിനില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ദൗത്തി പകരക്കാരനായതോടെ മധ്യനിരയില്‍ ഭാവനാത്മകമായി ഇടപെടാന്‍ ഒരു കളിക്കാരനില്ലാതെയായി. ആ കുറവ് നികത്താന്‍ കഴിഞ്ഞിട്ടുമില്ല. എങ്കിലും പരിശീലകനായ കോപ്പലിന്റെ മനസില്‍ ബ്ലാസ്റ്റേഴ്‌സിനെ തടയാന്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് തീര്‍ച്ച. പരുക്കുകളൊന്നും അവരെ അലട്ടുന്നില്ല എന്നതും പ്രധാനമാണ്. അതിനാല്‍ ഏറ്റവും മികച്ച ഇലവനെത്തന്നെ രംഗത്തിറക്കാനാകും. മത്സരം സ്വന്തം ഗ്രൗണ്ടിലാണെന്നതും അവര്‍ക്ക് അല്‍പം മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ഗോള്‍ വിജയമെങ്കിലും നേടാന്‍ കേരളത്തിന് തന്നെയാണ് സാധ്യത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top