കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്; സംസ്ഥാന പര്യടനത്തിനും അന്ന് തുടക്കമാകും

കമല്‍ഹാസന്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന് നടക്കും. താരത്തിന്റെ തമിഴ്‌നാട് പര്യടനവും അന്ന് തന്നെ ആരംഭിക്കും. ഘട്ടം ഘട്ടമായാണ് പര്യടനം നടക്കുന്നത്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു താരം ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സ്വദേശമായ രാമനാഥപുരത്ത് നിന്നാണ് കമല്‍ഹാസന്‍ പര്യടനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പര്യടനം തുടങ്ങുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ പേരും പാര്‍ട്ടി നയങ്ങളും വ്യക്തമാക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ നടത്തുന്ന പര്യടനത്തിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുമാണ് ലക്ഷ്യമെന്ന് താരം പറയുന്നു.

ഗ്ലാമര്‍ പരിവേഷത്തിനോ വിപ്ലവം ഉണ്ടാക്കാനോ അല്ല താന്‍ പര്യടനം നടത്തുന്നത്. മറിച്ച് ജനങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള അവസരമായിട്ടാണ്. തമിഴ്‌നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങളും, ഭരണനിര്‍വ്വഹണവും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്, സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ ചോദ്യമുയര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണം. ഈ യാത്ര അതിനുവേണ്ടിയാണ്, അതില്‍ നിങ്ങളുടെ പിന്തുണയുണ്ടാകണം. കമല്‍ഹാസന്‍ വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്കൊപ്പം ചേരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top