പത്മാവതിന് വീണ്ടും വിലക്ക്; ചിത്രം നിരോധിക്കുന്ന ആറാമത്തെ സംസ്ഥാനമായി ഹരിയാന

പത്മാവത് സിനിമയിലെ ദൃശ്യം

ഛണ്ഡീഗഡ്: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്ക് കുരുക്ക് ഒഴിയുന്നില്ല. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹരിയാന മന്ത്രി അനില്‍ വിജ് ആണ് പത്മാവത് നിരോധിച്ചതായി അറിയിച്ചത്. മാസങ്ങളായി തുടരുന്ന വിവാദങ്ങള്‍ ചിത്രത്തിന്റെ പേര് മാറ്റിയത് കൊണ്ടും അവസാനിച്ചിട്ടില്ല.

‘പത്മാവത് സിനിമ ഹരിയാനയില്‍ നിരോധിച്ചിരിക്കുന്നു’, അനില്‍ വിജ് ട്വിറ്ററില്‍ കുറിച്ചു. ഹരിയാന മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. ചിത്രം നിരോധിച്ചുകൊണ്ട് രംഗത്തെത്തുന്ന ആറാമത് സംസ്ഥാനമാണ് ഹരിയാന. ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവയാണ് നേരത്തെ ചിത്രം നിരോധിച്ചത്. ആദ്യം പത്മാവതി എന്നുപേരിട്ട ചിത്രം ഈയടുത്താണ് വിവാദത്തെ തുടര്‍ന്ന് പത്മാവത് എന്നാക്കിയത്. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റിയിട്ടും ഏര്‍പ്പെടുത്തിയ വിലക്ക്  രാജസ്ഥാന്‍, ഗുജറാത്ത്, സര്‍ക്കാരുകള്‍ പിന്‍വലിച്ചിട്ടില്ല.

ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചതായി ഒരുപാടുപേര്‍ പരാതി ഉന്നയിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഹരിയാന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണിതെന്നും, ജനലക്ഷങ്ങളുടെ വികാരം വ്രണപ്പെടുന്ന തരത്തില്‍ സിനിമയില്‍ ബന്‍സാലി ചരിത്രത്തെ വളച്ചൊടിച്ചുവെന്നും അനില്‍ വിജ് ആരോപിച്ചു.

ജനുവരി 25 നാണ് പത്മാവത് തിയേറ്ററില്‍ എത്തുക. ഐമാക്‌സ് ത്രീഡിയില്‍ ആഗോള റിലീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും പത്മാവത് എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഉപാധികളോടെ പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പത്മാവതി ജനുവരി 25ന് റിലീസ് ചെയ്യുന്നതിനാല്‍ ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്നും അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. നേരത്തെ ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം പത്മാവത് നിരോധിക്കണമെന്നാവശ്യവുമായി രജപുത് കര്‍ണിസേന വീണ്ടും രംഗത്തെത്തി. പേരുമാറ്റിയതുകൊണ്ടോ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ കാര്യമില്ലെന്ന് കര്‍ണിസേന വ്യക്തമാക്കുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ബാധ്യസ്ഥരാണെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top