സെഞ്ചൂറിയനിലും പരാജയപ്പെട്ടാല്‍ കോഹ്ലി പുറത്തുപോകണം; ഇന്ത്യന്‍ ക്യാപ്റ്റനെതിരേ വിമര്‍ശനവുമായി സേവാഗ്

വീരേന്ദര്‍ സേവാഗ്
ദില്ലി: ദക്ഷിണാഫ്രിക്ക -ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ടീം സെലക്ഷന്റെ പേരില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരേ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് രംഗത്ത്. സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വമേറ്റ് കോഹ്ലി ടീമിന് പുറത്തുപോകാന്‍ സ്വയം തയാറാകണമെന്ന് സേവാഗ് ആവശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗാവസ്ക്കര്‍, വിവിഎസ് ലക്ഷ്മണ് തുടങ്ങിയവര്‍ രണ്ടാം ടെസ്റ്റിനായി ടീമിനെ തെരഞ്ഞെടുത്തതിന്റെ പേരില്‍ കോഹ്ലിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേവാഗും ഇന്ത്യന്‍ നായകനെതിരേ രംഗത്തുവന്നത്.
ആദ്യടെസ്റ്റിലുണ്ടായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്, ബൗളര്‍ ഭൂവനേശ്വര്‍ കുമാര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് പകരം യഥാക്രമം എല്‍ രാഹുല്‍, ഇഷാന്ത് ശര്‍മ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരൊണ് സെഞ്ചുറിയന്‍ ടെസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

‘ഒരു കളിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ശിഖര്‍ ധവാനെ കോഹ്ലി രണ്ടാം ടെസ്റ്റില്‍ നിന്ന് മാറ്റിയത്. ഭുവനേശ്വറിന്റെ കാര്യത്തിലാകട്ടെ പ്രത്യേകിച്ച് ഒരു കാരണം പോലുമില്ല. ഈ നിലപാട് അനുസരിച്ചാണെങ്കില്‍
രണ്ടാം ടെസ്റ്റില്‍ കോഹ്ലിപരാജയപ്പെട്ടാല് മൂന്നാം ടെസ്റ്റില്‍ കളിക്കാതെ അദ്ദേഹം സ്വയം പുറത്ത് പോവണം’ -സേവാഗ് ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇതിനിടെ, സെഞ്ചുറിയന്‍ ടെസ്റ്റില്‍ ആദ്യം ബാറ്റിംഗ് തുടങ്ങിയ ആതിഥേയരായ ദക്ഷിണാഫ്രിക്ക മോശമല്ലാത്ത നിലയിലാണ് ആദ്യദിനം അവസാനിപ്പിച്ചത്. ആദ്യദിവസം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 എന്ന ഭേദപ്പെട്ട നിലയിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. അര്‍ധ സെഞ്ച്വറി നേടിയ എയ്ഡന്‍ മാര്‍ക്കറം (94) ഹാഷിം അംല (82) എന്നിവരുടെ ബാറ്റിങാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് കരുത്തായത്. നായകന് ഫഫ് ഡുപ്ലെസിസിനൊപ്പം (24) കേശവ് മഹാരാജാണ് (10) ക്രീസില്‍.

വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ ആഹ്ലാദം
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഫഫ് ഡുപ്ലെസിസ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സെഞ്ചൂറിയനിലെ വേഗപ്പിച്ചില്‍ മാര്ക്കറമിനൊപ്പം ഡീന്‍ എല്‍ഗറും (31) ശ്രദ്ധയോടെ ബാറ്റുവീശിയതോടെ സ്വപ്നതുല്യമായ തുടക്കം തന്നെ ആതിഥേയര്‍ക്ക് ലഭിച്ചു. ഇരുവരും സെഞ്ച്വറികൂട്ടുകെട്ടിലേക്ക് കുതിക്കവെ രവിചന്ദ്ര അശ്വിന് കൂട്ടുകെട്ട് പൊളിച്ചു. അശ്വിന്റെ ഷോട്ട് ബോളിള്‍ ഷോട്ടിന് ശ്രമിച്ച എല്‍ഗര്‍ മുരളി വിജയിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. എല്‍ഗര്‍ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ബോര്‍ഡ് 29.3 ഓവറില്‍ ഒരു വിക്കറ്റിന് 85 എന്ന മികച്ച നിലയിലായിരുന്നു. രണ്ടാമനായി ക്രീസിലെത്തിയ ഹാഷിം അംലയും മികച്ച രീതിയില്‍ ബാറ്റുവീശിയതോടെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിനെ സ്വപ്നം കണ്ടു. മാര്‍ക്കര്‍ അംല കൂട്ടുകെട്ട് 63ല്‍ എത്തിയപ്പോഴേക്കും മാര്ക്കറമിനെ അശ്വിന്, കീപ്പര്‍ പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചു. 150 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികള്‍ ഉള്‍പ്പെട്ട മാര്ക്കറമിന്റെ തകര്‍പ്പന്‍ ഇന്നിങ്സ് സെഞ്ച്വറിക്ക് നാല് റണ്‍സകലെ അവസാനിക്കുകയായിരുന്നു.
ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഹീറോ എബി ഡിവില്ലിയേഴ്സും മികച്ച ഷോട്ടുകളോടെ തുടങ്ങിയെങ്കിലും മികച്ച സ്കോര്‍ പടുത്തുയര്‍ത്തും മുന്‍പ് 20 റണ്‍സുമായി മടങ്ങി. ഡിവില്ലിയേഴ്സിനെ ഇഷാന്ത് ശര്‍മ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഡിവില്ലിയേഴ്സ് പുറത്താവുമ്പോള്‍ മൂന്ന് വിക്കറ്റിന് 199 എന്ന മികച്ച നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ അംലയും വെര്‍ണോന്‍ ഫിലാണ്ടറും ചെറിയ ഇടവേളകളില്‍ റണ്ണൗട്ടായി മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. സെഞ്ച്വറിയിലേക്കടുക്കുകയായിരുന്ന അംലയെ ഹര്‍ദിക് പാണ്ഡ്യയാണ് റണ്ണൗട്ടാക്കിയത്. തൊട്ടുപിന്നാലെ ക്വിന്റന്‍ ഡീകോക്കിനെ അശ്വിന് റണ്‍സ് നേടുംമുന്‍പ് മടക്കിയത് നിര്‍ണായകമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ വിരാട് കോഹ്ലിക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു ഡികോക്കിന്റെ മടക്കം. അധികം വൈകാതെ അക്കൗണ്ട് തുറക്കും മുമ്പേ ഫിലാണ്ടറും റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി.
ഇന്ത്യക്ക് വേണ്ടി ആര് അശ്വിന് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് നേടി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക