കര്‍ണാടക തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയുടെ ആദ്യഘട്ട പര്യടനം ഫെബ്രുവരി പത്തുമുതല്‍

രാഹുല്‍ ഗാന്ധി

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യഘട്ട പ്രചരണം ഫെബ്രുവരി പത്ത് മുതല്‍ പന്ത്രണ്ട് വരെ നടക്കും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായത്. ഫെബ്രുവരി പത്ത് മുതല്‍ പന്ത്രണ്ട് വരെയാണ് ആദ്യഘട്ട പര്യടനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തുന്നത്. ബംഗളുരുവില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. പ്രചരണത്തില്‍ കര്‍ഷകരും, സ്ത്രീകളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രചരണ തന്ത്രങ്ങള്‍ കര്‍ണാടകയിലും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ജി പരമേശ്വര, കെസി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ റഹ്മാന്‍, കെ എച്ച് മുനിയപ്പ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, വീരപ്പ മൊയ്‌ലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗം ഇല്ലെന്നും തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി തെരഞ്ഞടുപ്പില്‍ വ്യക്തമായ മുന്‍തൂക്കം നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top