കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല: ഭക്തര്‍ക്ക് നിയന്ത്രണം; സന്നിധാനത്ത് ഉള്‍ക്കൊള്ളാനാവുന്നത് ഒരു ലക്ഷത്തി പതിനായിരം പേരെ മാത്രം

ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിമല ഭക്തി ലഹരിയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി തമ്പടിച്ചിരിക്കുന്ന ഭക്തരെകൊണ്ട് സന്നിധാനവും പരിസരവും നിറഞ്ഞു.

പാണ്ടിതാവളത്തും മറ്റും പര്‍ണശാലകള്‍ കെട്ടി കഴിഞ്ഞ കുറച്ചു ദിവസമായി താമസിക്കുകയാണ് ഭക്തര്‍. ഇവരെല്ലാം മകരവിളക്ക് കഴിഞ്ഞു മാത്രമെ മലയിറങ്ങുകയുള്ളു.

ഉത്സവങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്നെതന്നെ സന്നിധാനത്തെത്തിയ അയ്യപ്പഭക്തന്മാര്‍ മലയിറങ്ങാതെ മകരജ്യോതി ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു പേടിയും വേണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജപറഞ്ഞു.

ഒരു ലക്ഷത്തി പതിനായിരം പേരെ മാത്രമെ സന്നിധാനത്ത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍തന്നെ ഏകദേശം ഒരു ലക്ഷത്തിനടുത്ത് അയ്യപ്പ ഭക്തര്‍ സന്നിധാനത്തേക്ക് എത്തിയിട്ടുണ്ട്.

തിരക്ക് കൂടുന്ന ഘട്ടത്തില്‍ പമ്പയിലും നിലക്കലും വടശ്ശേരിക്കരയിലുമൊക്കെ ഭക്തന്മാരെ തടഞ്ഞ് നിര്‍ത്തും. അതോടൊപ്പം തന്നെ മകരജ്യോതി ദര്‍ശനത്തിന് ശേഷം മലയിറങ്ങുന്ന അയ്യപ്പ ഭക്തര്‍ തിരക്കില്‍പെട്ട് അപകടം ഉണ്ടാവാതിരിക്കാനുള്ള ഒരുക്കങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയിലും പരിസരങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top