“ഞങ്ങൾക്ക് പക്ഷം ഇല്ല, കോടതി പറയുന്നത് ചെയ്യാം”ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സർക്കാരിന്റെ പുതിയ സത്യവാങ്മൂലം

ദില്ലി: ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘ തലവനായിരുന്ന സിബി മാത്യൂസ്, സംഘത്തിലെ അംഗങ്ങളായിരുന്ന കെകെ. ജോഷ്വ, എസ് വിജയൻ എന്നിവർക്കെതിരെ നടപടി വേണ്ടെന്ന ഹെെക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നമ്പി നാരായൺ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

സർക്കാരിന് ഈ വിഷയത്തിൽ നിഷ്പക്ഷമായ നിലപാടാണ്. സുപ്രിം കോടതി എന്ത് ഉത്തരവിട്ടാലും അത് നടപ്പാക്കുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നമ്പി നാരായണൻ നൽകിയ പ്രത്യേക അനുമതി ഹർജിയിൽ 2015 ജൂലൈ 17 നാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കേസിലെ എല്ലാ എതിർ കക്ഷികളോടും രണ്ട് മാസത്തിനുള്ളിൽ മറുപടി ഫയൽ ചെയ്യാൻ നിർദേശിച്ചത്.

എന്നാൽ അന്ന് അധികാരത്തിലിരുന്ന ഉമ്മൻ ചാണ്ടി സർക്കാരും, പിന്നീട് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാരും നമ്പിനാരായൺ ഫയൽ ചെയ്ത ഹർജിയിൽ മറുപടി ഫയൽ ചെയ്യുന്നത് വൈകിപ്പിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ ഏപ്രിലിൽ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് എന്തെങ്കിലും നിലപാടുണ്ടെങ്കിൽ ഫയൽ ചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ഐഎസ്ആർഒ ചാരക്കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസിലെ പ്രത്യേക സംഘത്തിന് തെറ്റ് പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും സിബിഐ സംസ്ഥാന സർക്കാരിന് 1996ൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഡിജിപി, പ്രത്യേക അന്വേഷണ സംഘ തലവൻ സിബി മാത്യൂസ്, സംഘ അംഗങ്ങളായ കെകെ  ജോഷ്വ, എസ് വിജയൻ എന്നിവരോട് വിശദീകരണം തേടി.

ഔദ്യോഗിക ചുമതലകൾ മാത്രം നിർവഹിക്കുകയായിരുന്നു എന്ന മൂന്ന് പേരുടെയും വിശദീകരണം കണക്കിലെടുത്ത് മറ്റ് നടപടികൾ വേണ്ട എന്ന് ഡിജിപി ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകി. ഇതിനിടെ സംസ്ഥാന സർക്കാർ ഐഎസ്ആർഒ ചാരക്കേസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടു. ഈ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയിൽ ഹർജി ഫയൽ ചെയ്തു.

പുനഃരന്വേഷണ ഉത്തരവിനെ സംബന്ധിച്ച സുപ്രിം കോടതി  ഉത്തരവ് വരുന്നത് വരെ ഐ എസ്ആർഒ ചാരക്കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസിലെ പ്രത്യേക സംഘത്തിന് എതിരെ നടപടി വേണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർ ഫയലിൽ എഴുതി. എന്നാൽ പുനഃരന്വേഷണത്തിനുള്ള സർക്കാർ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. എന്നാൽ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയൻ എന്നിവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഫയലിൽ ഒരു തുടർനടപടിയും ഉണ്ടായില്ല.

ഐഎസ്ആർഒ ചാരക്കേസ് കെട്ടിചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് 2010 ൽ ഹൈക്കോടതിയിൽ ഒരു പൊതു താത്പര്യ ഹർജി ഫയൽ വന്നു. ഇതിന് പിന്നാലെ 2011 ജൂൺ 29 ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണ്ടെന്ന് വ്യക്തമാക്കി വിജ്ഞാപനം പുറത്തിറക്കി. ഈ ഉത്തരവിനെ നമ്പി നാരായൺ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.

ജസ്റ്റിസ് രാമകൃഷ്‌ണ പിള്ളയുടെ സിംഗിൾ ബെഞ്ച് നമ്പി നാരായണന്റെ ഹർജി അംഗീകരിച്ച് സർക്കാർ ഉത്തരവ് റദ്ദാക്കി. വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി എടുക്കാനും സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. സിംഗിൾ ബെഞ്ച് ഉത്തരവ് അംഗീകരിച്ച് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി തീരുമാനിക്കാൻ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്ന കമ്മറ്റിക്ക് രൂപം നൽകി.

സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകേണ്ടെന്നും സർക്കാർ തീരുമാനിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സിബി മാത്യൂസ്, കെകെ ജോഷ്വ എന്നിവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എഎം ഷഫീഖും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് 2015 മാർച്ച് 4 ന് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി.

ചാരക്കേസിലെ നടപടി അവസാനിപ്പിക്കാനുള്ള സിബിഐയുടെ റിപ്പോർട്ട് സുപ്രിം കോടതി അംഗീകരിച്ചിട്ട് 17 കൊല്ലമായി. ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. അവർക്കെതിരെ നടപടി വേണമോ എന്ന തീരുമാനം പുനഃപരിശോധിക്കാൻ ഈ ഘട്ടത്തിൽ സർക്കാരിലേക്ക് വിടുന്നത് പാഴ്ശ്രമം ആകും എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം എന്ന സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യത ഇല്ല.

അന്വേഷണത്തിലെ വീഴ്ചയുടെ പേരിൽ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി വേണമോ എന്ന തീരുമാനം സംസ്ഥാന സർക്കാരിന്റെ വിവേചന അധികാരത്തിൽ വരുമെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു. ഈ വിധിക്ക് എതിരെ നമ്പി നാരായൺ നൽകിയ അപ്പീലിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് സുപ്രിം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്.

സുപ്രിം കോടതി നിര്‍ദേശിച്ചിട്ടും രണ്ടര വർഷത്തിന് ശേഷമാണ് ഈ കേസിൽ സർക്കാരിന് നിഷ്പക്ഷ നിലപാടാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. അതായത് കേസ് പരിഗണനയ്ക്ക് വരുമ്പോൾ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കില്ല. കോടതി എന്ത് ഉത്തരവ് ഇട്ടാലും നടപ്പിലാക്കാം എന്ന് സമീപനമാകും സ്വീകരിക്കുക.

ഇത് സിബി മാത്യൂസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകും എന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. ഫെബ്രുവരി 16 ന് ആണ് നമ്പി നാരായണന്റെ ഹർജി ഇനി സുപ്രിം കോടതി പരിഗണിക്കും എന്ന് അറിയിച്ചിട്ടുള്ളത്. എന്നാൽ ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനാൽ ഈ തീയതിയിൽ മാറ്റം ഉണ്ടാകുമോ എന്നും വ്യക്തമല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top