മകരവിളക്ക് ഇന്ന്; തിരുവാഭരണ പേടകങ്ങളുടെ വനയാത്ര തുടങ്ങി

ശബരിമല

പത്തനംതിട്ട: ശബരിമലയെ ഭക്തിസാന്ദ്രമാക്കി മകരവിളക്ക് ഇന്ന്. മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പന്തളത്ത് നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തിച്ചേരും.

ശബരിമല മകര സംക്രമ പൂജയക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര രണ്ടുനാള്‍ നാടും നഗരവും പിന്നിട്ട് ഇന്നലെ രാത്രിയോടെ വനാതിര്‍ത്തിയായ ളാഹയിലെത്തി. ളാഹ സത്രത്തില്‍ നിന്നും പുലര്‍ച്ചെ യാത്രതിരിച്ച ഘോഷയാത്രയുടെ പ്രയാണം ഇന്ന് മുഴുവന്‍ വനത്തിലൂടെയായിരിക്കും.

പ്‌ളാപ്പള്ളി, നിലയ്ക്കല്‍ അട്ടത്തോട് വഴി വനത്തിനുള്ളിലേക്ക് കയറി പമ്പയാറ് കടന്ന് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും. പിന്നീട് പമ്പയിലെത്താതെ നേരെ നീലിമല കയറി ശരംകുത്തിയില്‍. അവിടെ നിന്നും വാദ്യ താളദീപപ്രഭയുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും.

ശ്രീകോവിലിനു മുന്നില്‍ എത്തുന്ന തിരുവാഭരണ പേടകങ്ങള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.’ തുടര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധനയ്ക്ക് നട തുറന്നു കഴിയുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതിസ്സ് പ്രത്യക്ഷമാവും.

പിന്നീട് ഭക്തിനിര്‍വ്വതിയിലാണ്ട ഭക്തരുടെ മലയിറക്കം. മകരവിളക്ക് ഉല്‍സവം പൂര്‍ത്തിയാക്കി ഈ മാസം 20ന് ശബരിമല നട അടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top