ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറി അപഹാസ്യനായ ചെന്നിത്തല പുതിയ അടവുമായി രംഗത്ത്; ചോദ്യം ചെയ്തയാള്‍ ഡിവൈഎഫ്‌ഐക്കാരനും സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനുമാണെന്ന്!

ശ്രീജിത്തിനെ സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപഹാസ്യനായി മടങ്ങിയതിന് ശേഷം പുതിയ വാദഗതിയുമായി രംഗത്ത്. ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എന്ന ചെറുപ്പക്കാരന്‍ ഡിവൈഎഫ്‌ഐക്കാരനാണെന്നായിരുന്നു ചെന്നിത്തലയുടെ വിചിത്ര വാദം.

ആന്‍ഡേഴ്‌സണ്‍ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണെന്നും ഒരു മടിയുമില്ലാതെ ചെന്നിത്തല കുറിച്ചു. ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയായാണ് ചെന്നിത്തല ഇത്തരം വാക്കുകളിലൂടെ ആന്‍ഡേഴ്‌സണെ അപമാനിച്ചത്. ചെന്നിത്തലയെ പരിഹസിച്ച് കുറിപ്പെഴുതിയ ജാതിന്‍ എന്നയാള്‍ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല. ചെന്നിത്തലയെ മെന്‍ഷന്‍ ചെയ്ത് കുറിച്ച പോസ്റ്റില്‍ അദ്ദേഹം മറുപടി പറയുകയായിരുന്നു.

എന്നാല്‍ മറുപടി അബദ്ധമായിപ്പോയി എന്ന് തിരിച്ചറിഞ്ഞിട്ടെന്നോണം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു ചെന്നിത്തല. ശ്രീജിത്തിനെ കാണാന്‍ പോയ തന്റെ വീഡിയോയുടെ കുറച്ചുഭാഗം മാത്രം കണ്ട് സംഭവം വിലയിരുത്തരുത് എന്നാണ് ചെന്നിത്തല കമന്റില്‍ ആവശ്യപ്പെട്ടത്. ആന്‍ഡേഴ്‌സണ്‍ എന്ന ഡിവൈഎഫ്‌ഐക്കാരനാണ് പ്രതിപക്ഷനേതാവിനോട് തട്ടിക്കയറിയത് എന്ന് ചെന്നിത്തല പറഞ്ഞു.

അത് നേരത്തെ കരുതിക്കൂട്ടിയെടുത്ത ഷൂട്ടിംഗ് ആയിരുന്നുവെന്നും അയാള്‍ ശ്രീജിത്തിനെ സഹായിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവം സര്‍ക്കാറിനെതിരെ തിരിയുമെന്നായപ്പോള്‍ സിപിഐഎം ഇറക്കിയ കൂലിത്തല്ലുകാരനാണ് ആന്‍ഡേഴ്‌സണ്‍ എന്നുപറയാനുള്ള വകതിരിവില്ലായ്മയും ചെന്നിത്തലയില്‍നിന്നുണ്ടായി.

നേരത്തേ ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാവ് കൂടിനിന്ന മാധ്യമപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും സംസാരിക്കവെയാണ് ഒരു കാര്യം ചോദിച്ചോട്ടെ എന്ന മുഖവുരയുമായി ആന്‍ഡേഴ്‌സണ്‍ അടുത്തെത്തിയത്. ചൂടാവുകയാണെന്ന് കരുതരുതെന്ന് ഓര്‍മ്മപ്പെടുത്തിയ യുവാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്നും ചോദിച്ചു. എന്നാല്‍ ചെന്നിത്തല ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.

ഇവിടെക്കിടന്നാല്‍ പൊടിയടിക്കും, കൊതുക് കടിക്കും എന്നൊക്കെയാണ് ചെന്നിത്തല പറഞ്ഞതെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. താന്‍ നേരില്‍ കണ്ട കാര്യമാണിതെന്നും അദ്ദേഹം എല്ലാവരോടുമായി വിളിച്ചുപറഞ്ഞു. ഇയാള്‍ കൂടുതല്‍ വെപ്രാളപ്പെടേണ്ട എന്ന് തിരിച്ച് പറഞ്ഞ് ചെന്നിത്തല പ്രകോപിതനായി. അവന് നീതികിട്ടണമെന്നായി ചുറ്റും കൂടിനിന്നവര്‍. ആവശ്യമില്ലാത്ത കാര്യം പറയേണ്ട എന്ന് വീണ്ടും ചെന്നിത്തല പറഞ്ഞു.

ആവശ്യമുള്ളതാണ് പറയുന്നതെന്നായി ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍. ‘ഇത് ജനങ്ങള്‍ കാണുന്നുണ്ട്, പൊതുജനം കാണുന്നുണ്ട്. പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണുവാരിയിടാന്‍ സമ്മതിക്കില്ല. എഴുന്നൂറലധികം ദിവസമായി ഇവിടാരും വന്നില്ലല്ലോ’, അവര്‍ വിളിച്ചുപറഞ്ഞു. ഇതോടെ മാധ്യമ പ്രവര്‍ത്തകരോട് മാത്രമായി ചില കാര്യങ്ങള്‍ സംസാരിച്ച് ഇറങ്ങിയ ചെന്നിത്തലയെ പിന്തുടര്‍ന്നും ജനം ചോദ്യവുമായെത്തി.

പിന്നീട് ഇക്കാര്യം മുഖ്യമന്ത്രിയെ ഇന്നുതന്നെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പറഞ്ഞാണ് ചെന്നിത്തല മടങ്ങിയത്. പിന്നീടാണ് ലജ്ജാകരമായ രീതിയിലുള്ള കുറിപ്പ് ചെന്നിത്തലയില്‍നിന്നുണ്ടായത്. രൂക്ഷമായ വിമര്‍ശനമാണ് ചെന്നിത്തലയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡ് എന്ന ചെറുപ്പക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന കാര്യം ഏറെപ്പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം തന്നെയും കാര്യങ്ങള്‍ വിശദീകരിച്ച് കുറിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top