ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഓടിച്ച ബിഎംഡബ്യു ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കാര്‍ ഇടിക്കുന്നു

ദില്ലി: ദില്ലി സര്‍വകലാശാലയിലെ 18 കാരനായ യുവാവ് ഓടിച്ച ബിഎംഡബ്യു ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.  റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ശിവ്‌നാഥ് എന്നയാളാണ് കാര്‍ ഇടിച്ച്  മരിച്ചത്. ശിവ്‌നാഥിനെ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ അഭിനവ് സാഹ്നിയാണ് കാര്‍ ഓടിച്ചിരുന്നത്. അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വൈകുന്നേരം കോളെജ് വിട്ട് വീട്ടിലേക്ക് പോകുന്നതിലിടക്കായിരുന്നു അപകടം നടന്നത്. കൂലിപ്പണിക്കാരനായ ശിവ്‌നാഥും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ശിവ്‌നാഥ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചുവന്ന നിറത്തിലുള്ള കാര്‍ അമിത വേഗതയില്‍ വന്നിടിക്കുകയായിരുന്നു. ശിവ്‌നാഥിനെ ഇടിച്ചിട്ട കാര്‍ മുന്നോട്ട് പോയി കുറച്ചു സമയം നിര്‍ത്തിയിരുന്നു. എന്നാല്‍ ആളുകള്‍ ഓടിക്കൂടിയതോടെ അഭിനവ് കാറുമായി പോയി.

കാര്‍ ഓടിച്ച് വരുമ്പോള്‍ ശിവ്‌നാഥ് കാറിന്റെ മുന്നിലേക്ക് പെട്ടെന്ന് എടുത്തുചാടുകയായിരുന്നു. അതിനാല്‍ വാഹനം നിര്‍ത്താന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്നാണ് വാഹനം നിര്‍ത്താതെ പോയതെന്നും അഭിനവ് പൊലീസിനോട് പറഞ്ഞു.

അപകടത്തില്‍ പരുക്ക് പറ്റിയ ശിവ്‌നാഥിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളില്‍ നിന്നും പൊലീസ് മൊഴി എടുത്തു. അറസ്റ്റിലായ അഭിനവിനെ വാഹനം ഓടിച്ചപ്പോള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ അശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top