പരസ്യപ്രതികരണം നടത്തിയത് ജനങ്ങള്‍ക്ക് ജൂഡീഷ്യറിയോടുള്ള വിശ്വാസം കൂട്ടാനെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊച്ചി: ഇന്നലെ താനടക്കം നാല് സുപ്രിംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരേ പരസ്യമായി പ്രതിഷേധിച്ചതില്‍ നിലപാട് വ്യക്തമാക്കി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ജൂഡീഷ്യറിയോടുള്ള വിശ്വാസം കൂട്ടാനായാണ് തങ്ങള്‍ പരസ്യമായി പ്രതികരിച്ചതെന്നും അത് ജുഡീഷ്യറി കൂടുതല്‍ മോശമാകാതിരിക്കാനാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമായെന്ന് കരുതുന്നതായും  വ്യക്തിയെ മുന്‍നിര്‍ത്തിയല്ല, രാജ്യതാല്‍പര്യമനുസരിച്ചാണ് കഴിഞ്ഞ ദിവസം ചില കാര്യങ്ങള്‍ തുറഞ്ഞുപറഞ്ഞതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. നീതിക്കും നീതി പീഠത്തിനുമായാണ് നിലകൊണ്ടത്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ

ഇന്നലെയാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്ത സമ്മേളനം നടത്തിയത്.  സിബിഐ ജഡ്ജ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിലെ ജൂനിയറായ ജഡ്ജിമാരില്‍ ഒരാള്‍ നേതൃത്വം നല്‍കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതടക്കമുള്ള വിഷങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ച് പത്രസമ്മേളനം നടത്തിയത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ച് പ്രതിഷേധമറിയിച്ച സംഭവം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top