‘സുറുമ എഴുതിയ മിഴികളേ’; ബാബുരാജിന് പ്രണാമവുമായി ഡോണ്‍ സാക്കിയും കൂട്ടരും (വീഡിയോ)

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത സംവിധായകനായ എംഎസ് ബാബുരാജിന്റെ സുറുമ എഴുതിയ മിഴികളെ എന്ന ഗാനം മലയാളികള്‍ക്കായി സമ്മാനിച്ചിട്ട് 50 വര്‍ഷം പിന്നിടുകയാണ്. ഖദീജ എന്ന സിനിമയില്‍ യേശുദാസ് പാടി മധു അഭിനയിച്ച ഈ മനോഹര ഗാനത്തെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് വീണ്ടും ചിത്രീകരിച്ചിരിക്കുകയാണ്

വണ്‍മാന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഡോണ്‍ സാക്കിയാണ് എംഎസ് ബാബുരാജിന് ട്രിബ്യൂട്ട റിയിച്ച് സുറുമ എഴുതിയ മിഴികളെ എന്ന കവര്‍ സോംഗ് സംവിധാനം ചെയ്തിരിക്കുന്നത്. നിഖില്‍ ദിവാകരന്‍, സോന എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

എം കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ 1967 ല്‍ പുറത്തിറങ്ങിയ ഖദീജ എന്ന ചിത്രത്തില്‍ ബാബുരാജ്, യൂസഫ് അലി കേച്ചേരി, യേശുദാസ് എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന സുറുമ എഴുതിയ മിഴികളെ എന്ന ഗാനം  മലയാളികള്‍ക്ക്  എക്കാലത്തും പ്രിയപ്പെട്ടതാണ്.

മലയാളികളെ പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക് കൊണ്ടുപോകുന്ന ഗാനത്തെ വീണ്ടും ചിത്രീകരിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. വ്യത്യസ്ഥമായി അവതരിപ്പിച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.

മലയാളികള്‍ക്ക് ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതി മാധുരി പകര്‍ന്നു നല്‍കിയ സംഗീതം സംവിധായകനായിരുന്നു ബാബുരാജ്. താമസമെന്തേ വരുവാന്‍, കദളിവാഴക്കൈയിലരുന്ന്, മാമലകള്‍ക്കപ്പുറപ്പ് തുടങ്ങിയ ഒരുപാട് നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

DONT MISS