കൊല്ലത്ത് ഗതാഗതകുരുക്കിന് പരിഹാരമാകുന്നു; ബൈപാസ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍

കൊല്ലം ബൈപാസ്‌

കൊല്ലം: കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് കൊണ്ടുള്ള കൊല്ലം ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ബൈപാസ് നിര്‍മാണത്തിലെ പ്രധാന കടമ്പയായിരുന്ന അഷ്ടമുടികായലിന് കുറുകെയുള്ള മൂന്ന് പാലങ്ങളുടെയും നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം ഭാഗത്ത് നിന്ന് വടക്കോട്ട് പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ട് സൃഷടിച്ചിരുന്നതാണ് കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക്. എന്നാല്‍ അതെല്ലാം പഴങ്കഥയാവാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. നഗരത്തിലെത്താതെ തന്നെ കൊല്ലത്തിന്റെ ഗ്രാമീണ ഭംഗിയും അഷ്ടമുടിക്കായലിന്റെ സൗന്ദര്യവും ആസ്വദിച്ച് മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയുള്ള 13 കിലോമീറ്റര്‍ ദൂരം നിമിഷങ്ങള്‍ കൊണ്ട് താണ്ടാന്‍ കഴിയുന്ന ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. അഷ്ടമുടിക്കായലിനു കുറുകെയുള്ള മൂന്ന് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബൈപ്പാസ് എന്ന പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകും.

ഓണസമ്മാനമായി അടുത്ത ഓഗസ്റ്റ് മാസത്തില്‍ ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൊച്ചി നഗരത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന അരൂര്‍പാലം കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പാലമായ 620 മീറ്റര്‍ നീളമുള്ള കടവൂര്‍ മങ്ങാട് പാലം പണി അന്തിമഘട്ടത്തിലാണ്. അതേസമയം 11 മീറ്റര്‍ വീതിയുള്ള പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top