കോഴിക്കോട് രാജ്യത്ത് ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍; നേട്ടം മോദിയുടെ മണ്ഡലത്തിലുള്ള സ്റ്റേഷനെ പിന്തള്ളി

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം സ്ഥാനത്ത്. ദില്ലിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സേറ്റഷനാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പുറകില്‍. ട്രാവല്‍ ആപ്പായ ഇക്‌സിഗോ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്‌റ്റേഷനായി യാത്രക്കാര്‍ തെരഞ്ഞെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലുള്ള വരാണസി റെയില്‍വേ സ്‌റ്റേഷനെ പിന്തള്ളിയാണ് കോഴിക്കോട് ഒന്നാം സ്ഥാനം നേടിയത്. രാജ്യത്തെ റയില്‍വേ സ്‌റ്റേഷനുകളില്‍ നടത്തിയ ശുചിത്വ സര്‍വ്വേയിലാണ് കോഴിക്കോട് ഒന്നാം സ്ഥാനം നേടിയത്.കോഴിക്കോടിന് പുറമെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍, രാജസ്ഥാനിലെ ഫാല്‍ന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്‌റ്റേഷനുകളും പട്ടികയില്‍ ഇടം പിടിച്ചു.

ഹസ്രത്ത് നിസാമുദ്ദീനാണ് പട്ടികയില്‍ ഏറ്റവും പുറകില്‍. ഉത്തര്‍പ്രദേശിലെ മഥുര, രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍, ബീഹാറിലെ ഗയ എന്നിവയും വൃത്തിയില്‍ പിന്നിലാണ്. യാത്രാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്.

സര്‍വ്വേയില്‍ വൃത്തിയുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. 20 ശതമാനം സെന്‍ട്രല്‍ റെയില്‍വേയിലും 20 ശതമാനം പടിഞ്ഞാറന്‍ റെയില്‍വേയിലുമാണ്. ട്രാവല്‍ ആപ്പായ ഇക്‌സിഗോയുടെ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കിട്ടത് കോഴിക്കോടിനാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top