ജെഡിയുവിന്റെ ഇടത് മുന്നണി പ്രവേശനം; വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങും

എംപി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജെഡിയു യുഡിഎഫ് വിടുന്നതോടെ സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങും. കോഴിക്കോട് വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നഷ്ടമായ മുന്നേറ്റം ഇടതു മുന്നണിക്ക് തിരിച്ചു പിടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ ഉടന്‍ ഒഴിവ് വരുന്നതില്‍ ഒരു രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാമെന്ന് സിപിഐഎമ്മുമായി ധാരണയായിട്ടുണ്ടെന്നാണ് സൂചന. മുന്നണി പ്രവേശനത്തിന് ശേഷമെ ഇക്കാര്യത്തില്‍ എല്ലാം അന്തിമ ധാരണയുണ്ടാവൂ.

ഏഴുവര്‍ഷം നീണ്ട മുന്നണി ബന്ധങ്ങള്‍ അവസാനിപ്പിച്ച് ജെഡിയു യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് മാറുമ്പോള്‍ സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാനങ്ങളില്‍ പ്രകടമായ മാറ്റമുണ്ടാകും. പലയിടത്തും ഭരണമാറ്റം വരെ പ്രതീക്ഷിക്കാം. ഇതില്‍ പ്രധാനമായും ജെഡിയുവിന്റെ ശക്തി കേന്ദ്രങ്ങള്‍ ആയ കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ ഇടതു മുന്നണിക്ക് നഷ്ട്ടമായ മുന്നേറ്റം തിരിച്ച് പിടിക്കാന്‍ സാധിക്കും.

എല്‍ഡിഎഫിലേക്ക് പുനഃപ്രവേശിക്കുമ്പോള്‍ ലഭിക്കാവുന്ന സീറ്റുകളാണ് ഇനിയുള്ള പ്രധാന ചര്‍ച്ചാവിഷയം. ഉടന്‍ ഒഴിവ് വരുന്നതില്‍ ഒരു രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാമെന്ന് സിപിഐഎമ്മുമായി ധാരണയായിട്ടുണ്ട്. വടകര ലോക്‌സഭ മണ്ഡലം വേണമെന്നതാണ് ജെഡിയുവിന്റെ പ്രധാന ആവശ്യം.

മുന്നണിമാറ്റത്തിന് ഇടഞ്ഞ് നിന്നിരുന്ന മനയത്ത് ചന്ദ്രനെയും കെപിമോഹനനെയും അനുനയിപ്പിച്ചത് വടകര മണ്ഡലം ഉറപ്പ് നല്‍കിയാണ്. കൂടാതെ മുന്‍പ് എല്‍ഡിഎഫിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച ഏഴ് നിയമസഭാ സീറ്റുകളും ജെഡിയു അവകാശപ്പെടുന്നുണ്ട്. മുന്നണി പ്രവേശനത്തിന് ശേഷമെ ഇക്കാര്യത്തിലൊക്കെ അന്തിമ ധാരണയുണ്ടാവൂ.

പല മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും യുഡിഎഫ് ഭരിക്കുന്നത് ജെഡിയു പിന്തുണയോടെയാണ്. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 87 പ്രതിനിധികളാണ് ജെഡിയുവിനുള്ളത്. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി വരുന്ന സാഹചര്യത്തില്‍ ഇടത് മുന്നണിക്ക് ഇത് വലിയ നേട്ടമാകും. മുന്നണി പ്രവേശനത്തിന് സിപിഐഎം പച്ചക്കൊടി കാട്ടിയതോടെ.

ഓരോ ലോക്‌സഭ രാജ്യസഭ സീറ്റിന് പുറമെ ഏഴ് നിയമസഭ സീറ്റും ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കൂടാതെ കോടിയേരി ബാലകൃഷ്ണനെയും വൈക്കം വിശ്വനെയും കണ്ട് മുന്നണി പ്രവേശനത്തിലെ താല്‍പര്യം കഴിഞ്ഞ ദിവസം തന്നെ എംവി ശ്രേയാംസ്‌കുമാര്‍ അറിയിച്ചു. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാവുകയും സിപിഐഎമ്മിന് പിന്നാലെ സിപിഐയും സ്വാഗതമോതുകയും ചെയതതോടെ പ്രവേശനത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ജെഡിയു വിലയിരുത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top