സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ തര്‍ക്കം; ഇന്ന് പരിഹാരം കണ്ടേക്കുമെന്ന് അറ്റോര്‍ണി ജനറല്‍

ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ

ദില്ലി: സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ നടത്തിയ ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം ഇടപെടില്ലെന്നും ജുഡീഷ്യറിക്കുള്ളില്‍ തന്നെ തീര്‍പ്പാക്കണമെന്നും നിയമ മന്ത്രാലയം അറിയിച്ചു. ജഡ്ജിമാരുടെ അസാധാരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ക്ക് ഇന്ന് പരിഹാരം കണ്ടേക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്ത സമ്മേളനം നടത്തിയത്. ജുഡീഷ്യറിയെ സംരക്ഷിച്ച് ജനാധിപത്യത്തെ രക്ഷിക്കണം എന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തോടുള്ള കടപ്പാടാണ് നിര്‍വഹിക്കുന്നത് എന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഏറെ നാളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പിന്‍തുടര്‍ന്ന അഭിപ്രായഭിന്നതകളുടെ തുടര്‍ച്ചയാണ് ഇന്ന് സുപ്രിം കോടതിയില്‍ കണ്ടത്. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാല് ജഡ്ജിമാരാണ് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്ത സമ്മേളനം നടത്തിയത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തത്.

സിബിഐ ജഡ്ജ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിലെ ജൂനിയറായ ജഡ്ജിമാരില്‍ ഒരാള്‍ നേതൃത്വം നല്‍കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വെളിപ്പെടുത്തി. അതേസമയം വിവാദത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് ഇതു വരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറെ കാലമായി സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് ഇടയില്‍ പുകഞ്ഞ് കൊണ്ടിരുന്ന അതൃപ്തിയാണ് കഴിഞ്ഞ ദിവസം പരസ്യമായി പുറത്തേക്ക് വന്നത്. ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രിം കോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ല. ജുഡീഷ്യറിയെ സംരക്ഷിച്ച് ജനാധിപത്യത്തെ രക്ഷിക്കണം എന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top