യുവാക്കള്‍ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം; ജില്ലാ കളക്ടര്‍ ജീവന്‍ബാബു.

കാസര്‍ഗോഡ് : യുവാക്കള്‍ മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാതെ ആത്മാര്‍ത്ഥയോടെ ഇടപെടാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന ദേശീയ യുവജനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.

ചുറ്റുപാടുമുള്ള മനുഷ്യരെ സഹായിക്കാന്‍ യുവാക്കള്‍ക്ക് കഴിയണം. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനാകണം. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാകണം യുവജനങ്ങള്‍ ശ്രമിക്കേണ്ടത്. സാമുദായിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകുമ്പോള്‍ യുവാക്കള്‍ ആത്മാര്‍ത്ഥമായി ഇടപെട്ടാല്‍ ഞൊടിയിടയില്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വളരെക്കുറഞ്ഞ കാലമാണ് സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്നത്. യുവാവായിരിക്കുമ്പോള്‍ത്തന്നെ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും പല നേതാക്കള്‍ക്കും പ്രചോദനമാകുവാന്‍ വിവേകാനന്ദന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും എന്നും യുവാക്കളെ പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യയുടെ നവോത്ഥാനത്തില്‍ യുവനേതാക്കള്‍ക്ക് പ്രചോദനമായത് സ്വാമിയുടെ വാക്കുകളായിരുന്നെന്നും കളക്ടര്‍ പറഞ്ഞു.

കാസര്‍ഗോഡ് ഗവ. കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി.വിനയന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന യുവജനകമ്മീഷന്‍ അംഗം കെ മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരന്‍ ദിനേശന്‍ പൂച്ചക്കാട് പബ്ലിക് ക്യാന്‍വാസ് ഉദ്ഘാടനം ചെയ്തു. ഗവ.കോളജ് ജിയോളജി വിഭാഗം മേധാവി അനന്തപത്മനാഭന്‍, അസി.പ്രൊഫസര്‍മാരായ എസ്.സുജാത, കെ.മുഹമ്മദലി, കോളജ് യുണിയന്‍ ചെയര്‍മാന്‍ പി.രഞ്ജിത് എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.പ്രസീത സ്വാഗതവും ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എ.വി ശിവപ്രസാദ് നന്ദിയും പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സംസ്ഥാന യുവജന കമ്മീഷന്‍, എന്‍ എസ് എസ് കാസര്‍കോട് ഗവ. കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദേശീയ യുവജന ദിനാചരണം നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top