പത്മാവതി ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല; സിനിമയെ വീണ്ടും ആക്രമിച്ച് വിജയ് രൂപാനി

അഹമ്മദാബാദ്: സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നേടി പ്രദര്‍ശനത്തിനൊരുങ്ങുന്ന പത്മാവതിയെ വീണ്ടും കടന്നാക്രമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്തില്‍ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് വിജയ് രൂപാനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പേരു മാറ്റിയാലും പത്മാവതി രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ നേരത്തെ അറിയിച്ചിരുന്നു.

സിനിമയുടെ റിലീസ് സംബന്ധിച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയോ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോ പ്രതികരണത്തിന് തയ്യാറായിട്ടില്ല.  ചിത്രത്തിന്റെ റിലീസുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട്‌പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവതി ജനുവരി 25ന് റിലീസ് ചെയ്യുന്നതിനാല്‍ ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 30നാണ് ഉപാധികളോടെ പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

അതേസമയം പത്മാവതി നിരോധിക്കണമെന്നാവശ്യവുമായി രജപുത് കര്‍ണിസേന വീണ്ടും രംഗത്തെത്തിയിരുന്നു. പേരുമാറ്റിയതുകൊണ്ടോ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ കാര്യമില്ലെന്നും കര്‍ണിസേന  വ്യക്തമാക്കിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ബാധ്യസ്ഥരാണെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top