ലോക ഫുട്‌ബോളിലെ അത്ഭുതം; അമ്പത്തിയൊന്നിലും ബൂട്ടുകെട്ടുന്ന മിയോറ..!

കയുയോഷി മിയോറ

അമ്പത്തിയൊന്നാം വയസിലും ബൂട്ടഴിക്കുന്നില്ല കയുയോഷി മിയോറ. വയസ് വെറുമൊരു സംഖ്യ മാത്രമാണെന്നും അത് മനസിനേയും ശരീരത്തേയും ബാധിക്കുന്നില്ലെന്നും മിയോറ തെളിയിക്കുന്നു. കളിക്കളത്തില്‍ ഒരു ഇരുപതുകാരന്റെ ചടുലതതും വേഗവും അദ്ദേഹം പ്രകടമാക്കുന്നത് കാണുമ്പോള്‍ പ്രതിഭയ്ക്ക് മുന്നില്‍ വയസ് വെറുമൊരു സംഖ്യമാത്രമാണെന്ന് സമ്മതിച്ചു കൊടുക്കേണ്ടിവരും.

കഴിഞ്ഞ ദിവസം ജപ്പാനിലെ പ്രമുഖ ടീമുകളില്‍ ഒന്നായ യോക്കോഹോമ എഫ്‌സിയുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മിയോറ. ഗോള്‍കീപ്പറോ, ഡിഫന്‍ഡറോ അല്ല മിയോറ. ടീമിനെ ഗോളടിച്ച് ജയിപ്പിക്കേണ്ട സ്‌ട്രൈക്കറുടെ ഉത്തരവാദിത്വമാണ് ടീം അയാളെ ഏല്‍പ്പിക്കുന്നത്. ഏതൊരു യുവകളിക്കാരനേയും പോലെ മിയോറ അത് കൃത്യമായി നിര്‍വഹിക്കുമെന്നും ക്ലബ്ബിനറിയാം.

യുവാക്കളായ ഡിഫന്‍ഡര്‍മാര്‍ ആ ചടുലതയ്ക്കും വേഗത്തിനും മുന്നില്‍ അസ്തപ്രജ്ഞരാകും. പന്തുമായി മറികടന്നാല്‍ യന്ത്രവേഗം കൊണ്ടുപോലും മിയോറയെ പിടിക്കാനാകില്ലെന്നാണ് അവരുടെ അനുഭവം. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണച്ചാക്കുമായി പിറകേ നടക്കുകയായിരുന്ന നാലു ടീമുകളെ ഒഴിവാക്കിയാണ് യോക്കോഹോമയില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്. യോക്കോഹോമയുടെ ആരാധകരും കാത്തിരിക്കുകയാണ് വലയിലേക്ക് അയാള്‍ നിറയൊഴിക്കുന്ന ആദ്യ സന്ദര്‍ഭത്തിനായി.

ഒരു ഇരുപത്തിയാറുകാരനായ സ്‌ട്രൈക്കറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്തും തന്നില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ സീസണിലെ മിയോറയുടെ പ്രകടനങ്ങള്‍. മറ്റൊന്നു കൂടി ഓര്‍ക്കുക. നമ്മുടെ ഐലീഗുപോലെ ഒരു പത്താങ്കിട തമാശയല്ല ജപ്പാനിലെ ലീഗ് മത്സരങ്ങള്‍. അവ യൂറോപ്യന്‍ ലീഗുകളുടെ നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ പ്രായവും ശാരീരികക്ഷമതയും പരമപ്രധാനവുമാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് മിയോറയുടെ കരാര്‍ ശ്രദ്ധേയമാകുന്നതും. 2016-ല്‍ 20 മത്സരങ്ങള്‍ മിയോറ കളിച്ചു. രണ്ട് ഗോളുകളും നേടി. 2017-ല്‍ ഇതുവരെ 11 മത്സരങ്ങളില്‍ ബൂട്ടുകെട്ടി.

‘കിംഗ് കാസു’ എന്ന് വിളിപ്പേരുള്ള മിയോറ ജപ്പാനിലെ ആദ്യ സൂപ്പര്‍ സ്റ്റാറായാണ് വിലയിരുത്തപ്പെടുന്നത്. ഏഷ്യന്‍ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ജപ്പാന്‍ താരവുമാണ് അദ്ദേഹം. ജപ്പാന്‍ ലീഗ് ആരംഭിക്കുന്ന 1993-മുതല്‍ ലീഗിന്റെ ഭാഗമായ മിയോറ കഴിഞ്ഞ വര്‍ഷം ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടിയതോടെ ലോക ഫുട്‌ബോളിലെ പ്രൊഫഷണല്‍ ലീഗുകളുടെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായി. ലോക ഫുട്‌ബോള്‍ ലീഗുകളില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവും മിയോറ തന്നെ.

ഇംഗ്ലീഷ് ഫുട്‌ബോളിലെ ഇതിഹാസമായ സ്റ്റാന്‍ലി മാത്യൂസിന്റെ റെക്കോഡാണ് മിയോറ തകര്‍ത്തിരിക്കുന്നത്. ഇതുവരെ ലീഗില്‍ കളിച്ചിട്ടുള്ള ഏറ്റവും പ്രായംകൂടിയ താരവും ഗോള്‍ നേടിയ താരവും സ്റ്റാന്‍ലി മാത്യൂസായിരുന്നു. 1932-ല്‍ സ്‌റ്റോക്ക് സിറ്റിയില്‍ കളിച്ചു തുടങ്ങിയ സ്റ്റാന്‍ലി മാത്യൂസ് 1965-ല്‍ അതായത് അദ്ദേഹത്തിന്റെ അമ്പതാം വയസിലാണ് വിരമിച്ചത്. ഇനി സ്റ്റാന്‍ലി മാത്യൂസിന്റെ സ്ഥാനത്ത് മിയോറയായിരിക്കും. രാജ്യത്തിനുവേണ്ടി 56 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

1982-ല്‍ ബ്രസീലിലെ അറ്റ്‌ലറ്റിക്കോ ജുവന്റസിലൂടെയാണ് മിയോറ രംഗത്തുവരുന്നത്. 1986-ല്‍ ബ്രസീലിലെതന്നെ സാന്റോസില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് പാല്‍മിറസുള്‍പ്പെടെയുള്ള വിവിധ ക്ലബ്ബുകളിലൂടെ 2005-ല്‍ യോക്കോഹോമായില്‍ എത്തിച്ചേരുകയായിരുന്നു. അവര്‍ക്കുവേണ്ടി 242 മത്സരങ്ങള്‍ കളിച്ചു. ജപ്പാന്‍ ദേശീയ ടീമിനുവേണ്ടി 89 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ് 55 ഗോളുകളും നേടി. മിയോറ ഇനിയും മുന്നോട്ടു തന്നെ സഞ്ചരിക്കും. കാരണം അദ്ദേഹത്തിന്റെ യൗവനം നിത്യമാണ്. നമുക്ക് കാത്തിരിക്കാം, യുവതലമുറയ്ക്ക് പ്രചോദനമാകുന്ന ആ പ്രതിഭയുടെ പ്രകടനങ്ങള്‍ക്കായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top