ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരുക്ക് മാറി പ്രമുഖ താരങ്ങള്‍ തിരിച്ചെത്തും, സെറീന കളിക്കില്ല

പ്രതീകാത്മക ചിത്രം

മെല്‍ബണ്‍: കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ട് അത്ഭുതങ്ങളാണ് സംഭവിച്ചത്. ഒന്ന് രണ്ടുമാസം ഗര്‍ഭിണിയായിരിക്കെ സെറീന വില്ല്യംസ് പൊരുതി നേടിയ കിരീടം. മറ്റൊന്ന് പ്രായത്തിനിനിയും പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ച റോജര്‍ ഫെഡററുടെ പ്രകടനവും. തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങാനിരിക്കെ ഇക്കുറി എന്തത്ഭുതമാണ് കരുതിയിരിക്കുന്നതെന്ന വെമ്പലിലാണ് ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകര്‍.

റോജര്‍ ഫെഡറര്‍

പ്രസവത്തെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്നു മാറിനില്‍ക്കുന്ന സെറീന വില്യംസ് ഇക്കുറി കളിക്കുന്നില്ല. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് കളിക്കുവാനുള്ള മാനസികാവസ്ഥ വീണ്ടെടുത്തില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ മുപ്പത്തിയാറുകാരനായ റോജര്‍ ഫെഡറര്‍ വീണ്ടുമെത്തുന്നുണ്ട്. രണ്ടാം സീഡായാണ് അദ്ദേഹം മല്‍സരത്തില്‍ പങ്കെടുക്കുക. പരുക്കുകാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും കോര്‍ട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്ന പല പ്രമുഖരും കളത്തിലെത്തുന്നുണ്ട്.

റാഫേല്‍ നദാല്‍

കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടിയ ലോക ഒന്നാം നമ്പര്‍ താരമായ റാഫേല്‍ നദാല്‍ രണ്ടരമാസത്തെ ഇടവേളയ്ക്കുശേഷമാണ് മടങ്ങിവരുന്നത്. നവംബറിലാണ് നദാലിന് കാല്‍മുട്ടിന് പരുക്കേറ്റത്. എടിപി ടൂറില്‍ ആദ്യ റൗണ്ടില്‍ പൂറത്തായ ശേഷം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നില്ല. കാല്‍മുട്ടിന് പരിക്കേറ്റ് ആറുമാസമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ലോക ഒമ്പതാം നമ്പറായ സ്റ്റാന്‍ വാവ്‌റിങ്കയും തിരിച്ചുവരുന്നുണ്ട്. നാലുവര്‍ഷമായി വാവ്‌റിങ്കയെ പരിശീലിപ്പിക്കുന്ന മാഗ്നസ് റോമനുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചിരുന്നു. ഇതേ ഇടവേളയിലാണ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നുപോയതും. 2014 ല്‍ മെല്‍ബണില്‍ നദാലിനെ പരാജയപ്പെടുത്തി കിരീടം നേടിയ വാവ്‌റിങ്ക ലക്ഷ്യം വയ്ക്കുന്നത് നാലാം ഗ്രാന്‍സ്ലാം കിരീടമാണ്.

കഴിഞ്ഞ ജൂലൈയില്‍ കൈമുട്ടിനേറ്റ ഗുരുതരമായ പരുക്കാണ് ദ്യോക്കോവിച്ചിനെ കോര്‍ട്ടില്‍ നിന്ന് അകറ്റിയത്. ശസ്ത്രക്രിയക്ക് വിധേയനായതോടെ നവംബര്‍ വരെ പരിശീലനത്തില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കേണ്ടിവന്നു. യുഎസ് ഓപ്പണില്‍ നിന്ന് വിട്ടുനിന്നതോടെ 12 വര്‍ഷത്തെ ദീര്‍ഘമായ കരിയറില്‍ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് നഷ്ടമാകുകയും ചെയ്തു. പിന്മാറ്റം റാങ്കിംഗിനേയും ബാധിച്ചു. ഇപ്പോള്‍ ലോക പതിനാലാം നമ്പരാണ് ദ്യോക്കോവിച്ച്.

ദ്യോക്കോവിച്ച്

അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ബ്രിട്ടീഷ് താരം ആന്‍ഡിമറെയെ വീണ്ടും പരുക്ക് വീഴ്ത്തി. ബ്രസ്‌ബെമിലെ സന്നാഹ മത്സരത്തിലാണ് അദ്ദേഹത്തിന് തുടയ്ക്ക് പരുക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ മറേയ്ക്ക് സീസണിന്റെ പകുതിയും നഷ്ടമാകും.

വനിതാ വിഭാഗത്തില്‍ സിമോണാ ഹാലപ്പും, പുരുഷവിഭാഗത്തില്‍ നദാലുമാണ് ടൂര്‍ണമെന്റിലെ ഒന്നാം സീഡുകാര്‍. പുരുഷവിഭാഗത്തില്‍ ഫെഡററും വനിതാ വിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാസ്‌കിയുമാണ് രണ്ടാം സീഡുകാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top