ചരിത്രത്തിലിടം നേടാന്‍ 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം

കാസര്‍ഗോഡ്:  ചരിത്രത്തിലിടം നേടാന്‍ 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം .കാസര്‍ഗോഡ് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുന്നത്. മലയാള സാഹിത്യത്തിന് വെള്ളിക്കോത്ത് സംഭാവന നല്‍കിയ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍ എന്നിവരുടെ കൃതികളാണ് റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ ആലപിക്കുന്നത്. പി.യുടെ അമ്മയെന്ന കവിതയും, കേളുനായരുടെ സ്മരിപ്പിന്‍ ഭാരതീയരെ എന്ന ദേശഭക്തി ഗീതവുമാണ് 1000 ല്‍പരം കണ്ഠങ്ങളില്‍ നിന്ന് ഒരേ സമയം ഉയരുക.

പ്രശസ്ത സംഗീതജ്ഞനും സ്‌കൂളിലെ സംഗീതാധ്യാപകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയ സംഗീത പ്രസ്ഥാനത്തിലെ അംഗങ്ങളാണ് പാട്ടുപാടി ചരിത്രം തിരുത്താന്‍ ഒരുങ്ങുന്നത്.ഫൗമിയ സലിം, ഐ.കെ. അനുശ്രീ, ആവണി മോഹന്‍, എം. രാംപ്രസാദ്, എസ്. പത്മപ്രിയ, അദ്വൈത് ധനഞ്ജയന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ദേശഗീതിക 2018ന് നേതൃത്വം നല്‍കുന്നത്.

വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് പരിശീലകന്‍. 26ന് രാവിലെ 9.45നാണ് ദേശഭക്തിഗാനം ആലപിക്കുന്നത്. മുന്നോടിയായി വിഷ്ണുഭട്ട് വന്ദനശ്ലോകം ചൊല്ലും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. പ്രകാശ്കുമാര്‍, സ്‌കൂള്‍ ലീഡര്‍ അനുശ്രീക്ക് ഹാര്‍മോണിയം കൈമാറിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. വൈക്കം നരേന്ദ്രബാബു (വയലിന്‍), ടി.കെ. വാസുദേവ (മൃദംഗം), കൃഷ്ണന്‍ കൊല്ലമ്പാറ (ഓടക്കുഴല്‍), കൃഷ്ണകുമാര്‍ നീലേശ്വരം (കീബോര്‍ഡ്), മടിക്കൈ ഉണ്ണികൃഷ്ണന്‍, സുധാകരന്‍ അടോട്ട്, സി.പി. വത്സരാജ് (തബല), പി.പി. രത്‌നാകരന്‍ (ഇലത്താളം) എന്നിവരാണ് പക്കമേളം ഒരുക്കുന്നത്. ചിത്രകലാ അധ്യാപകന്‍ അരവിന്ദാക്ഷന്റെ ചിത്രപ്രദര്‍ശനവുമുണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top