സിപിഐഎം ആലപ്പുഴ ജില്ലാസമ്മേളനത്തിന് നാളെ തുടക്കമാകും

സമ്മേളന നഗരിയില്‍ നിന്ന്‌

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാസമ്മേളനത്തിന് നാളെ തുടക്കമാകും. വിഭാഗീയതകളില്ലാതെ ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. അതേസമയം തോമസ് ചാണ്ടിയുടെ രാജിവിവാദവും മന്ത്രി തോമസ് ഐസക്കിനെതിരായ ഏരിയാ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങളും സമ്മേളനത്തില്‍ ഇടം പിടിക്കും. 16 ഏരിയാകമ്മറ്റികളില്‍ നിന്നായി 340 പ്രതിനിധികളും 42 ജില്ലാകമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.

സിപിഐഎമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്ന ആലപ്പുഴയില്‍ ഇക്കുറി ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈ നല്‍കിയാണ് ഏരിയാസമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചത്. നാളെ ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും 15 ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ഇരുവരും ഒരുമിച്ചെത്തുന്ന സമ്മേളനവും ആലപ്പുഴയിലേതാണ്. പാര്‍ട്ടി ചട്ടങ്ങള്‍ തിരുത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നുണ്ട്.

16 ഏരിയാകമ്മറ്റികളില്‍ നിന്നായി 340 പ്രതിനിധികളും 42 ജില്ലാകമ്മറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഭൂവിവാദ ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിവാദവും വിഷയത്തില്‍ സിപിഐ സ്വീകരിച്ച നിലപാടുകളുമടക്കം സമ്മേളനത്തില്‍ ചര്‍ച്ചയാവും. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ടുവെന്ന് പറയുമ്പോഴും മന്ത്രി തോമസ് ഐസക്കിനെതിരെ ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും രാഷ്ട്രീയതല ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും. ഭൂരിഭാഗം ഏരിയാസമ്മേളനങ്ങളും ഔദ്യോഗികപക്ഷത്തിന് മേല്‍ക്കൈ നല്‍കിയതിനാല്‍ നിലവിലെ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തുടരാനാണ് സാധ്യത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top