ഐസ്ലാന്‍ഡ്: അത്ഭുതങ്ങളുടെ ഭൂമിക

അത്ഭുതങ്ങളുടെ നാടാണ് ഐസ്ലാന്‍ഡ്. അവിടെ എല്ലാം അത്ഭുതമാണ്. ജീവിതവും കളിയും കാലാവസ്ഥയും ഭൂമിശാസ്ത്രവുമെല്ലാം. അച്ഛനും മകനും ഒരേ സമയത്ത് ദേശീയ ടീമില്‍ കളിക്കുക എന്ന അത്ഭുതവും ഐസ്ലാന്‍ഡുകാര്‍ക്ക് മാത്രം സ്വന്തം.
അച്ഛനും മകനും ഒരേസമയം ദേശീയ ടീമില്‍ ഉള്‍പ്പെടുക, അച്ഛനുപകരക്കാരനായി മകന് ഇറങ്ങുക. ലോകഫുട്ബോളില് തന്നെ അത്ഭുതമാണിത്. മുപ്പത്തിനാലുകാരനായ അച്ഛനും പതിനേഴുകാരനായ മകനും. രണ്ടുപേരും മുന്നേറ്റ നിരയില്‍ കളിക്കുന്നവര്‍. അച്ഛന് ഐസ്ലാന്‍ഡിലെ മികച്ച കളിക്കാരന് മകന് ലോകമറിയുന്ന താരവും.

അച്ഛന്റെ പേര് അര്നോര് ഗൗജോണ്സന്. മകന് ഇയോര്‍ സമാരി ഗൗജോണ്സന്. 1996 ഏപ്രില്‍ ഇരുപത്തിനാലിനാണ് ഐസ്ലാന്‍ഡിന് വേണ്ടി ഇരുവരും ഒരുമിച്ച് ബൂട്ടുകെട്ടിയത്. എസ്റ്റോണിയയ്ക്കെതിരെയുള്ള സൗഹൃദമത്സരത്തിലായിരുന്നു അത്യന്തം കൗതുകം ജനിക്കുന്ന ഈ ഒത്തുചേരല്‍. അച്ഛന് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം കിട്ടി. രണ്ടാം പകുതിയില്‍ പരിശീലകന് അദ്ദേഹത്തെ പിന്‍വലിച്ച് അതേ സ്ഥാനത്ത് മകനെയിറക്കി. രണ്ടു പേരും മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.

അര്നോര് ഗൗജോണ്സന് (വലത്), മകന് ഇയോര്‍ സമാരി ഗൗജോണ്സന് (ഇടത്)
പിതാവായ അര്‍ണോര്‍ ഐസ്ലാന്‍ഡിനു വേണ്ടി 1979 മുതല്‍ 2001 വരെ 73 മത്സരങ്ങള്‍ കളിച്ചു. 14 ഗോളും നേടി. രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായാണ് അദ്ദേഹം വാഴ്ത്തപ്പെടുന്നത്. മകന്റെ ആദ്യപരിശീലകനും പിതാവായിരുന്നു. രണ്ടു പേര്‍ക്കും ഒരുമിച്ച് കളിക്കാനുള്ള അവസരം അതേവര്‍ഷം തന്നെ തെളിഞ്ഞു വന്നെങ്കിലും അതിനു മുമ്പ് മകന് ഗുരുതരമായ പരുക്കേറ്റ് കളിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അല്ലെങ്കില്‍ അത് മറ്റൊരു ചരിത്രമാകുമായിരുന്നു.
മകന് പിന്നീട് ലോകമറിയുന്ന കളിക്കാരനായി. ഐസ്ലാന്ഡില് നിന്ന് ബാഴ്സലോണയില്‍ കളിക്കുന്ന ആദ്യ താരവും. ഹോളണ്ടിലെ പിഎസ്വിയില്‍ കളിതുടങ്ങിയ മകന് അവിടെ നിന്ന് ഇംഗ്ലണ്ടിലെ ബോള്ട്ടന് വാണ്ടേഴ്സിലേക്കും. അവിടെ നിന്ന് ചെല്‍സിയിലേക്കും കൂടുമാറി. രണ്ടായിരം മുതല്‍ 2006 വരെ ആറുവര്‍ഷക്കാലം ചെല്‍സിയില്‍ കളിച്ചു. രണ്ടു ലീഗ് കിരീടങ്ങളും ലീഗ് കപ്പും അവര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്തു. അവര്‍ക്കു വേണ്ടി 186 മത്സരങ്ങള്‍ കളിച്ചു. 54 ഗോളും നേടി.

ഇയോര്‍ സമാരി ഗൗജോണ്സന്
അവിടെ നിന്നാണ് ബാഴ്സലോണയിലേക്ക് വരുന്നത്. ബാഴ്സയില്‍ മൂന്നു വര്‍ഷം കളിച്ചു. 72 മത്സരങ്ങളില്‍ നിന്ന് 10 ഗോള്‍ നേടി. അവര്‍ക്ക് ലാലിഗ കിരീടവും സ്പാനിഷ് കപ്പും 2008-09 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്തു. ഒപ്പം യുറോ സൂപ്പര്‍ കപ്പും. വിവിധ ക്ലബ്ബുകള്‍ക്കായി 504 മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. ഇപ്പോള്‍ 39 വയസുണ്ട്. എങ്കിലും കളിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടില്ല. രാജ്യത്തിനു വേണ്ടി 88 മത്സരങ്ങള്‍ കളിച്ചു. വര്‍ഷങ്ങളോളം ദേശീയ ടീമിന്റെ നായകനുമായി.
ഇയോര്‍ ഗൗജോണ്സന്റെ പ്രശ്സതിയും ഐസ്ലാന്‍ഡിന്റെ ഫുട്ബോള്‍ വളര്‍ച്ചയും തമ്മില്‍ വലിയ ബന്ധമാണുള്ളത്. വന്‍തോതില്‍ കുട്ടികളെ കളിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഗൗജോണ്സന്റെ പ്രശസ്തി സഹായിച്ചിട്ടുണ്ട്. അവര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നതായിരുന്നു അദ്ദേഹത്തിന്റെ കളിജീവിതവും വ്യക്തിജീവിതവും. അദ്ദേഹം പുതിയ തലമുറയില്‍ സൃഷ്ടിച്ച ആത്മവിശ്വാസം ഇപ്പോഴും അവരുടെ പ്രധാനകരുത്തായി നിലനില്ക്കുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക