ബ്ലാസ്റ്റേഴ്‌സിന് ഇനി പ്രതീക്ഷിക്കാം..!

ഗോള്‍ നേടിയതിന് ശേഷമുള്ള ഹ്യൂമിന്റെ ആഹ്ലാദം

കൊച്ചി: ആധികാരികമായൊരു വിജയത്തിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഒമ്പത് മത്സരങ്ങള്‍ കളിക്കേണ്ടിവന്നു. ഇനി അവശേഷിക്കുന്നതും ഒമ്പത് മത്സരങ്ങള്‍. വിജയത്തോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്കുകടന്ന കേരളത്തിന് ആഞ്ഞുപിടിച്ചാല്‍ അവസാന നാലിലെത്താന്‍ വിഷമിക്കേണ്ടിവരില്ല. അപ്പോഴും ചില ആശങ്കകള്‍ അവശേഷിക്കുന്നു എന്നത് വിസ്മരിച്ചുകൂടാ.

ഹ്യൂമിനെ അദ്ദേഹം അര്‍ഹിക്കുന്ന വിധം ഉപയോഗിക്കാന്‍ കഴിഞ്ഞതാണ് വിജയത്തിന് പ്രധാന കാരണം. ആദ്യ സീസണില്‍ ഡേവിഡ് ജെയിംസിനൊപ്പം ചേര്‍ന്ന് ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കളിക്കാരനാണ് ഹ്യൂം. അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് ഡേവിഡ് ജെയിംസിന് നല്ല ധാരണയുണ്ടായിരുന്നു, വ്യക്തമായ ഗെയിംപ്ലാനും. അതിന്റെ ഫലമായിരുന്നു അദ്ദേഹം നേടിയ ഗോളുകളും വിജയവും. ആദ്യമത്സരങ്ങളില്‍ നിന്ന് മ്യലന്‍സ്റ്റിന്‍ കാരണമൊന്നുമില്ലാതെ ഹ്യൂമിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ദേശീയ കളിക്കാരോടൊപ്പം ചേര്‍ന്ന് കളിക്കാനുള്ള കഴിവ് ബെര്‍ബെറ്റോവിനേക്കാള്‍ ഹ്യൂമിനാണെന്നതും ഇന്നലെ വ്യക്തമായി.

ഘാനാ താരം പെക്കൂസന്‍ മികച്ച ഫോമിലേക്കുയര്‍ന്നതും ഇന്നലെയായിരുന്നു. ആദ്യമത്സരങ്ങളില്‍ പതിഞ്ഞ താളത്തില്‍ ലക്ഷ്യബോധമില്ലാതെ കളിക്കുകയായിരുന്നു പെര്‍ക്കൂസന്‍. അതിന് വലിയ മാറ്റം വന്നിരിക്കുന്നു, ബ്ലാസ്റ്റേഴ്‌സിന് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണത്. പെര്‍ക്കൂസനെ ഉണര്‍ത്തിയത് ഉഗാണ്ടന്‍താരം കെസിറോണിന്റെ സാന്നിധ്യമാണെന്ന കാര്യം വിസ്മരിച്ചുകൂടാ. മധ്യനിരയില്‍ കെസിറോണ്‍ എത്തിയതോടെ പെര്‍ക്കൂസന്‍ കൂടുതല്‍ സ്വതന്ത്രനായി. പരിധികള്‍ ലംഘിച്ച് കളിക്കാനുള്ള അവസരവും ലഭിച്ചു. ഒപ്പം കളിക്കാരനെന്ന നിലയില്‍ ആത്മവിശ്വാസവും കൂടി. വേഗം കുറഞ്ഞ കളിക്കാരനാണെന്ന പരാതികളെ മറികടക്കാനും കഴിഞ്ഞു. ഹ്യൂമിന്റെ ആദ്യ ഗോളിലേക്കു നയിച്ച കട്ട്ബാക്കിന്റെ പിന്നില്‍ ഈ ആത്മവിശ്വാസം പ്രകടമായിരുന്നു. വേഗവും ഡ്രിബ്ലിംഗും അതിന്റെ ഏറ്റവും മികച്ച നിലയിലേക്ക് ഉയരുകയും ചെയ്തു. എന്തായാലും പെര്‍ക്കൂസനില്‍ ആരാധകര്‍ ഇതുവരെ പുലര്‍ത്തിയ ധാരണകളെ തിരുത്തുന്നതായിരുന്നു ഡെല്‍ഹിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം.

കെസിറോണിന്റെ വരവിന് മുമ്പാണെങ്കില്‍ ഈ ഗോളിന് കാരണമായ പാസ് നല്‍കാനുള്ള ആത്മവിശ്വാസം പെക്കൂസനുണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. സമാന സന്ദര്‍ഭങ്ങള്‍ ഓര്‍മിക്കാനായാല്‍ ഇത് മനസിലാകും. ഇത്തരം അവസരങ്ങള്‍ കിട്ടിയപ്പോഴെല്ലാം സീറോ ആംഗിളില്‍ നിന്ന് പോസ്റ്റിലേയ്ക്കടിക്കുകയോ ഗോള്‍കീപ്പറുടെ കയ്യിലെത്തിക്കുകയോ ആണ് പതിവ്. ഇന്നലെയാകട്ടെ സമീപത്ത് രണ്ട് ഡിഫന്റര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും പതറാതെ പന്ത് നിയന്ത്രിക്കുകയും അല്‍പം കൂടി മുന്നോട്ട് നീങ്ങി കട്ട്ബാക്ക് ചെയ്യാനുമായി. പെക്കൂസന്റെ നീക്കം കാണാന്‍ കഴിഞ്ഞതുകൊണ്ട് കൃത്യ സ്ഥലത്തെത്താന്‍ ഹ്യൂമിനും കഴിഞ്ഞു. അവര്‍ തമ്മലുള്ള ആശയ വിനിമയം ശരിയായ ദിശയിലേക്ക് വരുന്നത് കൂടുതല്‍ പ്രതീക്ഷിക്കാന്‍ കേരളത്തെ പ്രേരിപ്പിക്കും.

ഹ്യൂം നേടിയ മറ്റു രണ്ടു ഗോളുകളിലും മികവിന്റെ മിന്നായങ്ങളുണ്ട്. രണ്ട് പ്രതിരോധക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ബോക്‌സിനുള്ളില്‍ കയറി പന്ത് കൃത്യമായി പ്ലേസ് ചെയ്യാന്‍ ഹ്യൂമിനായി. മൂന്നാം ഗോളിലുമുണ്ട് ഹ്യൂമെന്ന മികച്ച സ്‌ട്രൈക്കറുടെ വിരുതുകള്‍. സുബാഷിഷ് റോയി ചൗധരിയുടെ മികച്ച പ്രകടനവും എടുത്തു പറയണം. ഗോളാകുമായിരുന്ന മൂന്നവസരങ്ങള്‍ മനസാന്നിധ്യത്തോടെ തടുക്കാന്‍ അദ്ദേഹത്തിനായി. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്നാണ് കേരളത്തെ രക്ഷിച്ചത്.

ഇതൊക്കെയാണെങ്കിലും അങ്കലാപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ഇപ്പോഴും ടീമില്‍ നിലനില്‍ക്കുന്നുണ്ട്. കെസിറോണും പെക്കൂസനും ചേര്‍ന്ന് മധ്യനിരയെ ശക്തിപ്പെടുത്തിയെന്ന് പറയാമെങ്കിലും അവര്‍ക്ക് കൃത്യമായി പന്തെത്തിക്കുന്നതില്‍ വീഴ്ച വരുന്നുണ്ട്. മിസ്പാസുകളും അലക്ഷ്യമായ സമീപനങ്ങളും തുടരുന്നു. പന്ത് സ്വീകരിക്കുന്നതില്‍ വരുന്ന വീഴ്ചകളും ആശങ്കപ്പെടുത്തും. ഇന്ത്യന്‍ കളിക്കാരിലാണ് ഈ ദൗര്‍ബല്യം കൂടുതലെന്നതും ശ്രദ്ധേയമാണ്. വലിയ പ്രതീക്ഷയോടെ വന്ന ജാക്കി ചന്ദ് സിംഗ് ഇത്രവലിയൊരു ലീഗില്‍ കളിക്കാന്‍ പ്രാപ്തനാണോ എന്നത് സംശയകരമാണ്. വലതുവിംഗിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും പന്ത് നിയന്ത്രിച്ച് ഉപയോഗിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ആ പൊസിഷനില്‍ പുതിയ കളിക്കാരനെ പരീക്ഷിക്കേണ്ടിവരും.

സൂപ്പര്‍ ലീഗിന്റെ നാലം സീസണില്‍ ഏറ്റവും പ്രശംസിക്കപ്പെട്ട പൊസിഷനാണ് പ്രതിരോധം. പക്ഷെ ഡെല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ പലപ്പോഴും പതറുന്നതായിക്കണ്ടു. ബംഗ്ലൂര്‍ പോലുള്ള ടീമുകള്‍ക്കെതിരെ ഇത്തരം പതര്‍ച്ചകള്‍ക്ക് വലിയ ശിക്ഷതന്നെ നല്‍കേണ്ടിയും വരും. ജിങ്കാനും വെസ് ബ്രൗണും മികച്ച് നില്‍ക്കുന്നുണ്ട്. റിനോ ആന്റോയും മോശമാക്കുന്നില്ല. എങ്കിലും ഒരു പതര്‍ച്ച അവിടെ ദൃശ്യമാണ്. ഇത് വരും മത്സരങ്ങളില്‍ പരിഹരിക്കേണ്ടത് അനുവാര്യമാണ്.

വിജയത്തിന്റെ ആവേശത്തില്‍ മദിക്കുമ്പോഴും ചില കാര്യങ്ങള്‍ ആരാധകര്‍ ഓര്‍ക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത് ഡെല്‍ഹിയാണെന്ന കാര്യമാണ്. അഞ്ചവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കായി. ഷോട്ടെടുത്തതില്‍ വന്ന പിഴവായിരുന്നു അവരുടെ വിജയത്തെ തടഞ്ഞത്. ചിലപ്പോഴെങ്കിലും കേരളത്തിന്റെ പ്രതിരോധം തകര്‍ത്തുകയാറാന്‍ കരുത്തുണ്ടായിരുന്നു അവരുടെ നീക്കങ്ങള്‍ക്ക്. അടുത്ത മത്സരവും കൂടി ജയിച്ചാല്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഉറപ്പുണ്ടാകും. അങ്ങനെ ആഗ്രഹിക്കാന്‍ പറ്റുന്നരീതിയല്‍ കേരളം എത്തിയെന്നതാണ് വിജയം വിളിച്ചു പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top