special page

പതിവു തെറ്റിച്ചില്ല, ജന്‍മദിനത്തില്‍ ഗാനഗന്ധര്‍വന്‍ കൊല്ലൂരില്‍ ദര്‍ശനം നടത്തി

കാസര്‍ഗോഡ്: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് പിറന്നാള്‍ ആഘോഷത്തിനായി പതിവ് തെറ്റിക്കാതെ ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി. ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിനോദ് യേശുദാസ് എന്നിവരോടപ്പം ഇന്നലെ രാത്രിയോടെ തന്നെ യേശുദാസ് കൊല്ലുരിലെത്തിയിരുന്നു. യേശുദാസിന്റെ എഴുപത്തിയെട്ടാം ജന്മദിനമാണ് ജനുവരി പത്ത്.

രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ യേശുദാസ് ചണ്ഡികയാഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് സരസ്വതി മണ്ഡപത്തില്‍ കുട്ടികളുടെ സംഗീതാര്‍ച്ചനയില്‍ സംബന്ധിച്ച് കീര്‍ത്തനം ആലപിച്ചു. സൗപര്‍ണ്ണികാമൃതം സംഗീത പുരസ്‌കാരം ഗുരുവായൂര്‍ ദേവസ്വം കൃഷണനാട്ടം ചുട്ടിയാശാന്‍ പിആര്‍ ശിവകുമാറിന് സമ്മാനിച്ചു. വൈകിട്ടോടെ യേശുദാസ് കൊല്ലൂരില്‍ നിന്നും തിരിച്ചു പോകും.

ഗന്ധര്‍വ ഗായകന് പിറന്നാള്‍ ആശംസകളുമായി നിരവധി ആളുകള്‍ രംഗത്തെത്തി.

1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. 1949 ല്‍ ഒമ്പതാം വയസ്സില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച അദ്ദേഹം, 1961 ല്‍ കെഎസ് ആന്റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..!’ എന്നുതുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടിയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറാന്‍ അദ്ദേഹത്തിന് അധികം സമയം വേണ്ടിവന്നില്ല എന്നതാണ് വാസ്തവം.

മികച്ച പിന്നണി ഗായകനുള്ള ദേശീയപുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ യേശുദാസ് കേരള സര്‍ക്കാരിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകളുടെ അവാര്‍ഡുകളും നേടിയിട്ടുണ്ട്. തന്റേതായി കുറിച്ച നേട്ടങ്ങളില്‍ പത്മവിഭൂഷണ്‍(2017), പത്മഭൂഷണ്‍(2002), പത്മശ്രീ(1973) പുരസ്‌കാരങ്ങളും ഉള്‍പ്പെടുന്നു. ദേശീയപുരസ്‌കാരത്തിന് പുറമെ ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡും യേശുദാസ് നേടിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top